Asianet News MalayalamAsianet News Malayalam

യേശുദാസ് പറഞ്ഞതു പോലെയല്ല ഇളയരാജ പറയുന്നത്

Ilyaraja and Yesudas
Author
First Published Mar 20, 2017, 9:10 AM IST

വാര്‍ത്തപുറത്തു വന്നതിനു പിന്നാലെ ഇളയരാജയെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുണ്ടായി. വൈകാരികവും ഇളയരാജയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. ഇളയരാജയുടെ സഹോദരനും കവിയും സംഗീത സംവിധായകനും ഗായകനുമായ ഗംഗൈ അമരന്‍, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാജയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സോഷ്യല്‍മീഡിയയിലും ഇളയരാജയുടെ മേല്‍ പൊങ്കാലയായിരുന്നു. കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ - ശ്യാമശാസ്ത്രികളും ത്യാഗരാജരും മുത്തുസ്വാമി ദീക്ഷിതരുമൊക്കെ റോയില്‍റ്റി ആവശ്യപ്പെട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നു പലരും ചോദിച്ചു. എന്നാല്‍ പാലക്കാട് ശ്രീറാം ഉള്‍പ്പെടെ ചുരുക്കം ചിലര്‍ ഇളയരാജയ്ക്ക് പിന്തുണയുമായെത്തുന്ന കാഴ്ചയും കണ്ടു. രാജയെ പിന്തുണയ്ക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് സ്റ്റേജ് ഷോയിലൂടെ ഗായകര്‍ സമ്പാദിക്കുന്ന ലക്ഷങ്ങളെപ്പറ്റിയായിരുന്നു.

യേശുദാസ് പിടിച്ച പുലിവാല്‍
പുതിയ വിവാദത്തോടെ സിനിമാ സംഗീതത്തിലെ പകര്‍പ്പവകാശം ഏറെക്കാലത്തിനു ശേഷം വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുമ്പോള്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് ഉള്‍പ്പെട്ട തരംഗിണി വിവാദം ഓര്‍ക്കാതെ വയ്യ.  ഏകദേശം പത്ത് വര്‍ഷം മുമ്പായിരുന്നു അത്. യേശുദാസും അദ്ദേഹത്തിന്‍റെ മൂത്തമകന്‍ വിനോദ് യേശുദാസുമായിരുന്നു വിവാദങ്ങളുടെ കേന്ദ്രബിന്ദു. യേശുദാസിന്‍റെ ഉടമസ്ഥതയിലുള്ള തരംഗിണി കാസറ്റ് കമ്പനി തങ്ങളുടെ ഗാനങ്ങളുടെ പകര്‍പ്പവകാശം നിര്‍ബന്ധമാക്കിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. അന്ന് വിനോദ് യേശുദാസ് നാലു കാര്യങ്ങളാണ് വ്യക്തമാക്കിയത്.  1. തരംഗിണിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്രഗാനത്തിന്റെ പകര്‍പ്പവകാശം. 2. തരംഗിണി പുറത്തിറക്കിയ സ്വതന്ത്രസംഗീത ആല്‍ബങ്ങളുടെ പകര്‍പ്പവകാശം. 3. തരംഗിണി പുറത്തിറക്കിയ യേശുദാസിന്റെ ഭക്തിഗാനങ്ങളുടെ പകര്‍പ്പവകാശം. 4. ഗായകന്‍ എന്ന നിലയ്ക്ക് യേശുദാസിന്റെ കലാപരിപാടികളിന്മേലുള്ള അവകാശം.

Ilyaraja and Yesudas

സംഭവം പെട്ടെന്ന് വിവാദമായി കത്തിപ്പടര്‍ന്നു. ചെന്നൈയിലെ ഒരു പരിപാടിയില്‍ യേശുദാസിന്‍റെ ഗാനം ആലപിച്ച ഗായകന്‍ ഉണ്ണിമേനോനോട് വിനോദ് യേശുദാസ് റോയല്‍റ്റിയും പാടുന്ന പാട്ടുകളുടെ ലിസ്റ്റും ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നു. തരംഗിണി പുറത്തിറക്കിയ കസെറ്റുകളിലെ പാട്ടുകള്‍ക്ക് നിയമപരമായ സംരക്ഷണം ഉണ്ടെങ്കിലും ആ പാട്ടുകള്‍ പാടുന്നവരെ നിയമക്കുരുക്കിലാക്കാന്‍ യേശുദാസും മക്കളും ശ്രമിക്കുന്നത് സംഗീതത്തെ കാളച്ചന്തയില്‍ കൊണ്ടു കെട്ടി വിലപേശുന്ന കച്ചവടക്കാരന്‍റെ ദുഷ്ടബുദ്ധിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. അന്നും പലരും യേശുദാസിനെ വിമര്‍ശിച്ചത്‌ ത്യാഗരാജ സ്വാമികളെയും മറ്റും കൂട്ടുപിടിച്ചായിരുന്നു. ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്‌, യേശുദാസ്‌ അവര്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നുണ്ടോ എന്നായിരുന്നു സംഗീത സംവിധായകന്‍ ജയന്‍റെ ചോദ്യം.

യേശുദാസിനെയും തരംഗണിയെയും അനുകൂലിച്ച് അന്നും പ്രതികരണങ്ങളുണ്ടായി. തരംഗിണി കസറ്റ്‌സ്‌ വിലയ്ക്കു വാങ്ങിയ ഗാനങ്ങളുടെ പകര്‍പ്പവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല തരംഗിണിക്കു തന്നെയാണെന്നായിരുന്നു  എതിര്‍വാദങ്ങള്‍.

സമാനമാണ് ഇപ്പോള്‍ ഇളയരാജയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങളും. എന്നാല്‍ കാസറ്റ് കമ്പനി ഉടമ എന്ന നിലയില്‍ ലഭിക്കുമെങ്കിലും ഗായകന്‍ എന്ന നിലയില്‍ യേശുദാസിന് ലഭിക്കാത്ത നിയമപരിഗണന ഇളയരാജയ്ക്ക് ലഭിക്കും എന്നത് ഒരു യാതാര്‍ത്ഥ്യമാണ്. അതായത് ഐപിആര്‍എസ് (ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്ടിസ്റ്റ്സ് സൊസൈറ്റി)യില്‍ അംഗത്വമുളളവര്‍ക്കാണ് പാട്ടിന്റെ ബൗദ്ധികസ്വത്തവകാശമുളളത്. ഗാനരചയിതാവും സംഗീതസംവിധായകനും നിര്‍മ്മാതാവിനും മാത്രമേ അതില്‍ അംഗത്വമുളളൂ. പാട്ടിന് പ്രതിഫലം വാങ്ങുന്ന ഗായകന് കോപ്പി റൈറ്റ് നിയമപ്രകാരം ആ പാട്ടിന്മേല്‍ അവകാശമൊന്നുമില്ല.

Ilyaraja and Yesudas

ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം
1957-ൽ നിലവിൽ വന്നതും 1983, 1984, 1992, 1994, 1999, എന്നീ വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ളതുമായ പകർപ്പവകാശ നിയമമാണ് ഇന്ത്യയുടെ പകർപ്പവകാശ നിയമം എന്നറിയപ്പെടുന്നത്. ഇത് 1911-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന, പകർപ്പവകാശ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതും, 1956-ലെ അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമത്തിൽ നിന്നും കടംകൊണ്ടിട്ടുള്ളതുമാകുന്നു.

2012 ൽ പകർപ്പാവകാശനിയമം ഭേദഗതിചെയ്യുന്ന ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുത്തിരുന്നു. ഗാനരചയിതാവ് ജാവേദ് അക്തറിന്‍റെ മുന്‍കൈയ്യിലായിരുന്നു അത്. ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും ഗാനത്തിൽ അവകാശം നൽകുന്നതായിരുന്നു ബിൽ. ഗായകര്‍ക്ക് അന്നും അവകാശം നല്‍കിയില്ല. ഗായകൻ സോനു നിഗം ഗായകർക്കും അവകാശം വേണമെന്ന് ട്വിറ്ററില്‍ കുറിച്ചെങ്കിലും പിന്നീട് ചര്‍ച്ചകളൊന്നും നടന്നില്ല.

ഇളയരാജയുടെ അവകാശം
ഇളയരാജ ഇതേ ആവശ്യം ഉന്നയിക്കുന്നത് ഇതാദ്യമല്ല. തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ സ്റ്റേജ് ഷോകളിൽ ഉപയോഗിക്കുന്നതിനെതിരെ 2015ലാണ് ഇളയരാജ ആദ്യം രംഗത്തെത്തുന്നത്.  ഇതുസംബന്ധിച്ച അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഇളയരാജയ്ക്ക് അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അത്. അഗി മ്യൂസിക്, എക്കോ റെക്കോര്‍ഡിംഗ് കമ്പനി  പ്രൈവറ്റ് ലിമിറ്റഡ്, ഉനിസിസ് ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മലേഷ്യ ആന്റ് ഗിരി ട്രേഡിംഗ് കമ്പനി തുടങ്ങിയ കമ്പനികള്‍ തന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വില്‍ക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേലാണ് ഇളരാജക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ച് വിവിധ റേഡിയോ/ ടെലിവിഷൻ കേന്ദ്രങ്ങൾക്കും​ അന്ന് ഇളയരാജ നോട്ടീസ് അയച്ചിരുന്നു.

Ilyaraja and Yesudas   

ഇനി ഇന്ത്യന്‍ പകർപ്പാവകാശനിയമത്തിലേക്കു വീണ്ടും വരാം. ഈ നിയമം അനുസരിച്ച് സാഹിത്യം, നാടകം, സംഗീതം, മറ്റ് കലാസൃഷ്ടികൾ എന്നിവയുടെ അവകാശം അതാതിന്റെ സൃഷ്ടാക്കൾക്കും നിർമ്മാതാക്കൾക്കും ആണ്. സംഗീതത്തിന്റെ കാര്യത്തിൽ നിർമ്മാതാവിനും അവകാശം ഉണ്ടാകുമെങ്കിലും സംഗീതസംവിധായകൻ ആണ് സൃഷ്ടിയുടെ ആദ്യത്തെ അവകാശി. മറ്റുള്ളവരുടെ അവകാശങ്ങൾ കരാർ അനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. അതായത് ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളുടെ പകർപ്പവകാശം പ്രാഥമികമായി ഇളയരാജക്കു  തന്നെയായിരിക്കും. മദ്രാസ് ഹൈക്കോടതി ശരിവച്ചതും ആ വാദമാണ്.

ഇളയരാജയുടെ ഗാനങ്ങൾ ഏത് രൂപത്തിൽ  ഉപയോഗിക്കണമെങ്കിലും അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ടതാണെന്നതാണ് കോടതി പറഞ്ഞത്. പകർപ്പാവകാശനിയമം നൽകുന്നത് പ്രധാനമായും ആറ് അവകാശങ്ങളാണ്. ഗാനത്തിന്റെ പകർപ്പെടുക്കൽ, അനുകരിക്കൽ, വിതരണം ചെയ്യൽ, പ്രദർശിപ്പിക്കൽ, സംവിധാനം ചെയ്യുമ്പോൾ ഉപയോഗിക്കൽ, റെക്കോർഡ് ചെയ്യുമ്പോൾ ഉപയോഗിക്കൽ എന്നിവയാണത്. മറ്റൊരാൾക്ക് ഇവയിൽ എന്തുചെയ്യണമെങ്കിലും അതാത് ഗാനത്തിന്റെ ഉടമയുടെ സമ്മതം വാങ്ങിക്കേണ്ടതാണ്.

അതായത് നിയമം ഇളയരാജയ്ക്ക് ഒപ്പമാണെന്ന് ചുരുക്കം. ത്യാഗരാജരും ശ്യാമശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരുമൊക്കെ പകര്‍പ്പവകാശം ചോദിരുന്നെങ്കിലോ എന്നുള്ള ചോദ്യങ്ങള്‍ തികച്ചും വൈകാരികം മാത്രമാണ്. കാരണം അവര്‍ തങ്ങളുടെ കൃതികള്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ കൂടി ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം അനുസരിച്ച് മരിച്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടതിനാല്‍ ഈ അവകാശം സ്വാഭാവികമായും നഷ്ടമാകുമായിരുന്നു.

Ilyaraja and Yesudas

പിന്നുള്ളത് ആധുനിക സിനിമാ സംഗീതത്തില്‍, ഒരുഗാനത്തിനു പിറവിക്കു പിന്നിലെ ഓര്‍ക്കസ്ട്രേഷന്‍ ടീം ഉള്‍പ്പെടെയുള്ള വലിയ കൂട്ടായ്മയക്കുറിച്ചാണ്. ഗാനങ്ങള്‍ ജനപ്രിയമാകുന്നതിന്‍റെ രസതന്ത്രങ്ങളെക്കുറിച്ചാണ്. ഇളയരാജയ്ക്ക് മുമ്പും സംഗീതം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചാണ്. അദ്ദേഹം കമ്പോസിംഗിന് ഉപയോഗിക്കുന്ന രാഗങ്ങളുടെ ഉടമസ്ഥതയും അനാദിയായ സംഗീതത്തിന്‍റെ അതിര്‍വരമ്പുകളും ഉള്‍പ്പെടുന്ന ധാര്‍മ്മിക പ്രശ്നങ്ങളെക്കുറിച്ചാണ്. ഇതൊക്കെ പൂര്‍ണമായും ഇളയരാജയുടെ മാത്രം ചിന്തകളെ അടസ്ഥാനപ്പെടുത്തിയ കാര്യങ്ങളുമാണ്.

 

Follow Us:
Download App:
  • android
  • ios