മുംബൈ: അഭയ് ചോപ്രയുടെ സംവിധാനത്തില്‍ സൊനാക്ഷി പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രമാണ് 'ഇറ്റ്ഫാഖ്'. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ സൊനാക്ഷിക്ക് സന്തോഷം ഇരട്ടിയാണ്. സന്തോഷിക്കാന്‍ സൊനാക്ഷിക്ക് രണ്ടുണ്ട് കാരണം. 1969 ല്‍ പുറത്തിറങ്ങിയ ഇറ്റ്ഫാഖിന്‍റ റീമേക്കാണ് പുതിയ ചിത്രം. പഴയ ചിത്രത്തില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്കായിരുന്നു പ്രധാന കഥാപാത്രമാകാന്‍ ക്ഷണം കിട്ടിയത്.

എന്നാല്‍ പിന്നീട് രാജേഷ് ഖന്ന ആ കഥാപാത്രം ചെയ്തു. തന്‍റെ അച്ഛന്‍ ചെയ്യേണ്ടിയിരുന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന കഥാപാത്രമാകുന്നതാണ് സൊനാക്ഷിയെ സന്തോഷിപ്പിക്കുന്ന ഒരു കാരണം. മറ്റൊന്ന് സ്ഥിരം ചെയ്ത് വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സൊനാക്ഷിയുടെ കഥാപാത്രം. 

സൊനാക്ഷിയുടെ അഭിപ്രായത്തില്‍ ഹിന്ദി സിനിമകളിലെ തന്‍റെ 'ഗുഡ് ഗേള്‍' ഇമേജ് തകര്‍ത്ത കഥാപാത്രമാണ് ചിത്രത്തിലേത്. ബോളിവുഡില്‍ നിന്ന് 'ഗുഡ് ഗേള്‍' കഥാപാത്രങ്ങള്‍ മാത്രം തേടി വരുന്നതില്‍ സൊനാക്ഷി അസ്വസ്ഥതയും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് രണ്ട് വശങ്ങളുണ്ട് എന്നും ഇതാണ് തന്നെ ആകര്‍ഷിച്ചതെന്നും സൊനാക്ഷി പറയുന്നു. നവംബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.