മലയാള കവിതാ ലോകത്തിനും ചലച്ചിത്ര ഗാനശാഖയ്‌ക്കും തീരാനഷ്‌ടം സമ്മാനിച്ചൊരു ദിനമാണ് ഒക്ടോബര്‍ 27. സിനിമാ ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത വയലാര്‍ രാമവര്‍മ തന്റെ 47 ആം വയസിലാണ് മരണത്തിന് കീഴടങ്ങിയത്.
മലയാളിയുടെ കാവ്യപ്രേമ തീര്‍ത്ഥങ്ങളില്‍ താളവും രാഗലയ ശ്രുതികളും കൊണ്ട് ഗീതാഞ്ജലിയര്‍പ്പിച്ച കവി. കവിതയ്‌ക്ക് നഷ്‌ടപ്പെട്ടത് ഗാനലോകത്തിന് സമര്‍പ്പിച്ച വാക്കുകളുടെ ഉപാസകന്‍. എത്ര ഗാനരചയിതാക്കളിനി ഈ മണ്ണില്‍ പിറന്നാലും ഗാനലോകത്തെ ചക്രവര്‍ത്തിപദം 1928 മാര്‍ച്ച് 25ന് ചേര്‍ത്തല താലൂക്കില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയ്‌ക്കും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിക്കും പിറന്ന മകന് വേണ്ടി മലയാളികള്‍ മാറ്റിവച്ചിരിക്കുകയാണ്. നമുക്ക് മുന്‍പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഒഫ്യൂസെന്ന് ഒഎന്‍വി അതുകൊണ്ടാണ് വയലാറിനെ വിശേഷിപ്പിച്ചത്.
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ഗുരുകുലരീതിയില്‍ സംസ്കൃതവും പഠിക്കാന്‍ വയലാറിന് കുഞ്ഞുനാളില്‍ അവസരം കിട്ടി. അങ്ങനെ ആര്‍ഷജ്ഞാനവും പുതുലോകവീക്ഷണവും ഒരുപോലെ അദ്ദേഹത്തില്‍ ഉറച്ചു. കരവാളുവിറ്റ് മണിവീണയുമായി സമരത്തിനിറങ്ങിയ കവിയുടെ പിന്നീടുള്ള രചനകളില്‍ ഈ രണ്ടു ദര്‍ശനങ്ങളും സമ്മേളിക്കുന്നത് കാണാം.
വയലാറിന്റെ ആദ്യകവിതാസമാഹാരമായ പാദമുദ്രകള്‍ ഇരുപത്തിയൊന്നാം വയസിലാണ് പുറത്തുവന്നത്.
ഗാന്ധിദര്‍ശനത്തില്‍ നിന്ന് വിപ്ലവാവേശത്തിലേക്കാണ് പിന്നീട് വയലാര്‍ കവിതകള്‍ നീങ്ങിയത്. കൊന്തയും പൂണുലും, മുളങ്കാട്, എന്റെ മാറ്റൊലി കവിതകള്‍, സര്‍ഗസംഗീതം, രാവണപുത്രി, താടക, അശ്വമേധം , ആയിഷ. വാക്കുകള്‍ കോര്‍ത്തെടുത്ത മണിമുത്തുകളാണ് വയലാര്‍ മലയാളത്തിന് നല്‍കിയത്. പക്ഷെ കവിതയോളം കാവ്യസൗരഭം നിറഞ്ഞ ഗാനങ്ങള്‍ എഴുതിയഗന്ധര്‍വന്‍ അത്യുന്നതങ്ങളില്‍ സിംഹാസനം ഉറപ്പിച്ചപ്പോള്‍, കവി അതിന് താഴെയായി. വയലാറും ദേവരാജനും പാട്ടുകളില്‍ തീര്‍ത്ത മാന്ത്രികത പൊലൊന്ന് മലയാളത്തിലല്ലാതെ മറ്റേതെങ്കിലും ലോകഭാഷയിലുണ്ടോയെന്ന് സംശയമാണ്. ആ കൂട്ടുകെട്ട് തുടങ്ങിയത് ഒരു അനശ്വര വിപ്ലവഗാനത്തിലായത് യാദൃശ്ചികം മാത്രം.
വിപ്ലാവേശത്തിനൊപ്പം ദാര്‍ശനികമായ ചോദ്യങ്ങളും പാട്ടുകളിലൂടെ വയലാര്‍ നിരന്തരം ചോദിച്ചു.
ഏതു ശ്രീകോവിലിനുള്ളിലും അള്‍ത്താരയിലും വിശുദ്ധമന്ത്രത്തോളം സ്വീകാര്യത കിട്ടിയ ഭക്തിഗാനങ്ങള്‍ രചിച്ചതും അവിശ്വാസിയും വിപ്ലവകാരിയുമായ ഈ കവിയാണ്.
നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെ സ്നേഹിക്കയില്ലെന്ന് പ്രഖ്യാപിച്ച മലയാളിയുടെ പ്രിയ കവി പ്രശസ്തിയുടെ അത്യുന്നതികളില്‍ നില്‍ക്കെ 47 ആം വയസില്‍ മരണത്തിന് കീഴടങ്ങി. പക്ഷെ വാക്കുകള്‍ക്ക് മരണമില്ലെന്ന് മറ്റാരെക്കാളും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇന്നേവരെ ജീവിച്ച സംസ്കാരങ്ങള്‍ എന്നിലുണ്ടെന്നും ഇനി വിടരുന്ന സംസ്കാരണങ്ങളില്‍ ഞാന്‍ ഉണ്ടാകുമെന്നും പറഞ്ഞ് എനിക്ക് മരണമില്ലെന്നെഴുതാന്‍ വയലാറിന് കഴിഞ്ഞത് അതുകൊണ്ടാണ്.
