ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു ത്രില്ലര്‍ ചിത്രം ഹിറ്റാക്കി പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക് നരേന്‍ പുതിയ സിനിമയുമായി എത്തുകയാണ്. നരഗസൂരന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി താരം ഇന്ദ്രജിത്ത് ആണ്. ലക്ഷ്‍മണന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

സിനിമയെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നു- കാര്‍ത്തിക് നരേനും അദ്ദേഹത്തിന്റെ ചെറുപ്പക്കാരായ ടീമിനൊപ്പവും പ്രവർത്തിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകി. ഇങ്ങനെയൊരു ടീമിനൊപ്പമായതിനാൽ ഭാഷ ഒരു തടസ്സമായില്ല. മികച്ച തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ലക്ഷ്‍മണ്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഇന്നുവരെ ഞാൻ ചെയ്‍തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത്. പുതിയ ഭാഷയിലാണ് സിനിമ എഴുതിയിരിക്കുന്നതും അത് അവതരിപ്പിച്ചിരിക്കുന്നതും. അരവിന്ദ് സാമി, സുന്ദീപ് കിഷൻ, ശ്രീയ സരൺ, ആത്മിക എന്നീ സഹതാരങ്ങൾക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷം. ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ കഴിവിന്റെ പരമാധവി ചെയ്‍തിട്ടുണ്ട്. നഗരസൂരൻ നിങ്ങൾ ഇഷ്ടപ്പെടും. ഒണ്‍ട്രക എന്റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറില്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.