കേരളത്തിലെ സിറ്റി സെന്ററുകളിലും മികച്ച പ്രതികരണം   ഓപണിംഗ് ഡേ കളക്ഷനില്‍ 'ബാഗി 2'നേക്കാള്‍ മുന്നില്‍

ഹോളിവുഡില്‍ നിന്നുള്ള വമ്പന്‍ റിലീസുകള്‍ ഇന്ത്യയില്‍ മികച്ച ജനപ്രീതിയും തീയേറ്റര്‍ കളക്ഷനും നേടുന്നത് ആദ്യമായല്ല. ദി ജംഗിള്‍ ബുക്ക്, ഫ്യൂരിയസ് 7, അവതാര്‍, ജുറാസിക് വേള്‍ഡ് എന്നീ ചിത്രങ്ങളൊക്കെയാണ് അക്കൂട്ടത്തില്‍ മുന്നില്‍. ഇതില്‍ പല ചിത്രങ്ങളും അതാത് സമയത്ത് തീയേറ്ററുകളിലുള്ള ഇന്ത്യന്‍ ചിത്രങ്ങളെത്തന്നെ കളക്ഷനില്‍ അട്ടിമറിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇനിഷ്യല്‍ കളക്ഷന്റെ കാര്യത്തില്‍ അത്തരത്തിലൊരു അട്ടിമറി നടത്തിയിരിക്കുന്നത് മാര്‍വല്‍ സ്റ്റുഡിയോസിന്റെ 'അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ആണ്. ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ സ്‌ക്രീനില്‍ റിലീസിനെത്തിയ ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ സൂപ്പര്‍ നായകരെല്ലാം ഒരുമിച്ചെത്തിയ ചിത്രം ഇന്ത്യയിലെ രണ്ടായിരത്തിലധികം റിലീസിംഗ് സെന്ററുകളില്‍നിന്ന് ആദ്യദിനം നേടിയത് മുപ്പത് കോടിയിലേറെയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം 31.30 കോടിയാണ് ചിത്രത്തിന്റെ യഥാര്‍ഥ ഫിഗര്‍. 

ടൈഗര്‍ ഷ്രോഫും ദിഷ പടാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഗി 2, സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്, അക്ഷയ് കുമാര്‍ നായകനായ ആര്‍.ബല്‍കി ചിത്രം പാഡ്മാന്‍, അജയ് ദേവ്ഗണ്‍ നായകനായ രാജ്കുമാര്‍ ഗുപ്ത ചിത്രം റെയ്ഡ് എന്നിങ്ങനെ ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് നേടിയ ചിത്രങ്ങളെയൊക്കെ പിന്നിലാക്കിയിരിക്കുകയാണ് മാര്‍വല്‍ ചിത്രം. 


ഈ വര്‍ഷം ഇന്ത്യന്‍ സ്‌ക്രീനിലെ ഏറ്റവും മികച്ച അഞ്ച് ഓപണിംഗ് കളക്ഷനുകള്‍


1. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍- 31.30 കോടി

2. ബാഗി 2- 25.10 കോടി

3. പദ്മാവത്- 19 കോടി

4. പാഡ്മാന്‍- 10.26 കോടി

5. റെയ്ഡ്- 10.04 കോടി


മറ്റ് പ്രധാന ഹോളിവുഡ് പ്രോജക്ടുകള്‍ പോലെ ഒറിജിനല്‍ ഇംഗ്ലീഷ് പതിപ്പ് കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാപതിപ്പുകളില്‍ക്കൂടിയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടായിരത്തിലധികം സ്‌ക്രീനുകള്‍. 300 മില്യണ്‍ ഡോളര്‍ (1998 കോടി രൂപ) ച്ചെലവുള്ള ചിത്രം യുഎസ് ആഭ്യന്തര വിപണിയില്‍ നിന്ന് 230 മില്യണിന്റെ ഇനിഷ്യല്‍ നേടുമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 'സ്റ്റാര്‍ വാര്‍സ്: ഫോഴ്സ് അവേക്കന്‍സി'ന്റെ പേരിലാണ് യുഎസില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന ഇനിഷ്യല്‍ കളക്ഷന്‍. 248 മില്യണാണ് ചിത്രം ഇനിഷ്യല്‍ നേടിയത്.