'ഞങ്ങളുടെ കണ്ണീര്​ വിറ്റു പണമുണ്ടാക്കിയവര്‍ തിരിഞ്ഞുനോക്കിയില്ല'- ടേക്ക് ഓഫിലെ യഥാര്‍ഥ നായിക മെറീന

First Published 15, Mar 2018, 1:00 PM IST
Interview of takeoff real character marina jose
Highlights
  • 'അവരുടെ സമയം നോക്കിയാണ്​ ഞാന്‍ കാര്യങ്ങള്‍ ചെയ്​തുകൊടുത്തത്'
  • 'പാര്‍വതി ഒരിക്കല്‍ പോലും വിളിക്കാതിരുന്നത്​ വേദനയുണ്ടാക്കി'
  • ടേക്ക് ഓഫിലെ യഥാര്‍ഥ നായിക മെറീന പറയുന്നു

ഇറാഖില്‍ ​ ഭീകരരുടെ കൈകളില്‍ അകപ്പെട്ട നഴ്‍സുമാരുടെ ജീവിതകഥ പശ്ചാത്തലമാക്കി ഒരുക്കിയ ‘ടേക്ക്​ ഓഫ്’​ സിനിമ പറന്നിറങ്ങിയത്​​ അംഗീകാരങ്ങളുടെ റണ്‍വെയിലേക്കാണ്​​. പുരസ്ക്കാരങ്ങളുടെ നിറവില്‍ ​സിനിമയും അണിയറ പ്രവര്‍ത്തകരും താരങ്ങളും തിളങ്ങുമ്പോള്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ്​ യഥാര്‍ഥ കഥയിലെ നായിക പറയുന്നത്. കോട്ടയം പള്ളിക്കത്തോട്​ സ്വദേശിനി ​മെറീന ജോസും സംഘവും ഇറാഖിലെ തിക്റിതില്‍ നേരിട്ട അനുഭവങ്ങളുടെ കഥയാണ്​ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്​ പറന്നുയര്‍ന്നത്​​.  മരണത്തിനും ജീവിതത്തിനുമിടയിൽ നേരിട്ട വേദനയും കണ്ണുനീരുമടങ്ങിയ അനുഭവ കഥ  അവാര്‍ഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുമ്പോഴും അവഗണന മാത്രമായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് ​മെറീന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോടു പറഞ്ഞു.  മെറീനയുമായി അനൂജ നാസറുദ്ദീന്‍ നടത്തിയ അഭിമുഖം.

കഥ പറയാന്‍ വാഗ്‍ദാനം, പിന്നെ അവഗണന

ഇറാഖില്‍ നഴ്‍സുമാര്‍ക്കുണ്ടായ അനുഭവം മനസ്സിലാക്കാനായി ടേക്ക്​ ഓഫ്​ സിനിമയുടെ സംവിധായകന്‍ മഹേഷ്​ നാരായണ്‍ പലരെയും സമീപിച്ചിരുന്നു. അവരൊന്നും പറയാന്‍ താല്‍പര്യം കാണിച്ചില്ല. കൂടുതൽ അനുഭവമുള്ളയാള്‍ എന്ന നിലയില്‍ ചിലര്‍ എന്‍റെ നമ്പര്‍ നല്‍കി. കോട്ടയത്തെ വീട്ടില്‍ വന്ന അവര്‍ക്ക്​ ആവശ്യമായ എല്ലാ സഹായവും ഞാന്‍ ചെയ്​തു. അനുഭവം സിനിമയാക്കുമ്പോള്‍ നിങ്ങള്‍ക്ക്​ സഹായം നല്‍കും എന്ന വാഗ്‍ദാനത്തിലാണ്​ അവര്‍ എത്തിയത്​.  ഒന്നുമില്ലാതെ ആരും കഥ പറഞ്ഞുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എല്ലാവരും എന്നോട്​ പറഞ്ഞിരുന്നു.  എന്നാല്‍ സംവിധായകന്‍റെ വാക്കുകളില്‍ വിശ്വസിച്ചു. പ്രതിഫലം തന്നിട്ടേ അനുഭവ കഥ പറയാനാകൂ എന്ന്​ ഒരിക്കലും ഞാന്‍ നിലപാടെടുത്തതുമില്ല. വീട്ടില്‍ രണ്ട്​ മണിക്കൂര്‍ സമയമെടുത്താണ്​ ഇറാഖിലെ അനുഭവങ്ങള്‍ വിവരിച്ചത്​. പിന്നീട്​ നായികയായ പാര്‍വതിയെയും കൂട്ടി എത്തുകയും അവര്‍ക്കായി മുക്കാല്‍ മണിക്കൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്​തു.

ഇവര്‍ എല്ലാം എന്‍റെ വിവരണം റൊക്കോർഡ്​ ചെയ്​താണ്​ പോയത്​. സിനിമയുടെ പ്രൊമോഷന്​ വേണ്ടി മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ വരെ എന്നെ കൊണ്ടുപോയി. ഞാന്‍ വരുന്നില്ല എന്ന്​ പറഞ്ഞിട്ടും അവര്‍ നിര്‍ബന്ധിച്ച്​ കൊണ്ടുപോയി.  ഏഷ്യാനെറ്റിലും കൈരളിയിലും പാര്‍വതിക്കും കുഞ്ചാക്കോ ബോബനുമൊപ്പം ഷോയില്‍ പങ്കെടുത്തു. കുര്യന്‍ എന്നയാളും സംവിധായകന്‍റെ അസിസ്റ്റൻറ്​ മഞ്ജുവുമെല്ലാമാണ്​ എന്നെ അതിനായി വിളിച്ചത്​. ഹര്‍ത്താല്‍ ദിനമായതിനാല്‍ ഞാന്‍ ഒഴിവുകഴിവ്​ പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ വളരെ കഷ്‍ടപ്പെട്ടാണ്​ ഞാന്‍ ഷോയിൽ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത്​ എത്തിയത്​. പിന്നീട്​ ഒരു നന്ദി പറയാൻ പോലും ആരും എന്നെ വിളിച്ചിട്ടില്ല. എന്‍റെ പല ​ഫോട്ടോകളും തിരികെ ലഭിക്കാനായി അസിസ്റ്റന്‍റിനെ  പലതവണ വിളിച്ചിട്ടും അവ തിരികെ തന്നില്ല. മടുത്തപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കും എന്ന്​ പറഞ്ഞപ്പോള്‍  അവരുടെ കൈയിൽ ഫോട്ടോ ഒന്നുമില്ലെന്നായിരുന്നു മറുപടി. ഗോവയില്‍ അവാര്‍ഡ്​ കിട്ടിയപ്പോള്‍ ഞാന്‍ സംവിധായകനെ വിളിച്ചു. നേരത്തെ വാഗ്​ദാനം ചെയ്​ത കാര്യം പറഞ്ഞപ്പോള്‍ മോശമായാണ്​ മഹേഷ്​ പ്രതികരിച്ചത്​. ‘ഇതുവരെ നിങ്ങള്‍ക്ക്​ കുഴപ്പമില്ലായിരുന്നല്ലോ, അവാര്‍ഡ്​ തുക മുഴുവന്‍ നിങ്ങള്‍ക്ക്​ വേണമോ’ എന്നൊക്കെയായിരുന്നു അയാളുടെ പ്രതികരണം. ഇത്​ തുടര്‍ന്നാൽ നിയമപരമായി നേരിടും എന്ന ഭീഷണിയും അയാള്‍ മുഴക്കി.  പിന്നീട്​ ഞാന്‍ വിളിച്ചില്ല. അയാളുടെ നമ്പര്‍ ഞാന്‍ തന്നെ ഫോണിൽ ബ്ലോക്ക്​ ചെയ്‍തു. 

ഞങ്ങളുടെ കണ്ണീര്​ വിറ്റ പൈസയാണിത്

ടേക്ക്​ ഓഫ്​ കേവലം ഒരു സിനിമാകഥയല്ല. ഇറാഖിലെ എന്‍റെ അനുഭവ സാക്ഷ്യമാണ്​ ആ സിനിമ. അതാണ്​ ഞാന്‍ അവർക്ക്​ നല്‍‌കിയത്​. ഞങ്ങളുടെ കണ്ണുനീര്​ വിറ്റാണ്​ അവര്‍ പൈസയുണ്ടാക്കിയത്​. ജീവിതത്തിനും മരണത്തിനുമിടയില്‍ ഞങ്ങള്‍ അനുഭവിച്ച സംഭവങ്ങളാണ്​ ഞാന്‍ അവര്‍ക്ക്​ പകര്‍ന്നുനല്‍കിയത്​. ഒരിക്കലും ഇതൊരു കഥയല്ല, എന്‍റെ അനുഭവ സാക്ഷ്യമാണ്​. അത്​ വാങ്ങിക്കൊണ്ടുപോയി അവര്‍ നേട്ടമുണ്ടാക്കി. എന്നിട്ട്​ ​ ഇത്​പോലെ പ്രതികരിക്കുമ്പോള്‍ ഞാന്‍ എന്തിന്​ വെറുതെയിരിക്കണം.  സംസ്​ഥാന അവാര്‍ഡ്​ കിട്ടിയപ്പോൾ, തിരുവനന്തപുരത്ത്​ ലോക കേരള സഭയില്‍വെച്ച് പരിചയപ്പെട്ട പത്രക്കാരും സാമൂഹിക പ്രവര്‍ത്തകരും എന്നെ വിളിച്ചിരുന്നു. രണ്ടാമതും അവാർഡ്​ കിട്ടിയല്ലോ, അവര്‍ നിങ്ങള്‍ക്ക്​ വല്ലതും ചെയ്​തോ എന്ന്​ ചോദിച്ചു. എനിക്ക്​ വേണ്ടി അവര്‍ ഒന്നും ചെയ്​തിട്ടില്ലെന്ന്​ പറഞ്ഞു.  വഞ്ചി​ച്ചുവെന്ന തോന്നലില്‍ നിന്നാണ്​ ഈ തുറന്നുപറച്ചില്‍. ഞാന്‍ ഇതൊന്നും​ പുറത്തുപറയില്ല എന്ന്​ അവര്‍ കരുതിക്കാണും.

വിളിക്കാനുള്ള മാന്യത പാര്‍വതി കാട്ടിയില്ല

എന്‍റെ അനുഭവ കഥ അഭിനയിച്ച്​ മികച്ച നടിക്കുള്ള സംസ്​ഥാന, ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടും പാര്‍വതി ഒരിക്കല്‍ പോലും വിളിക്കാതിരുന്നത്​ വേദനയുണ്ടാക്കി. അവാര്‍ഡ്​ കിട്ടിയപ്പോഴെങ്കിലും പാര്‍വതി ഒന്ന്​ വിളിക്കുമെന്ന്​ കരുതി. അവര്‍ കണ്ടതാണ്​ ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്നത്​.  മറീന, എങ്ങനെ പോകുന്നുവെന്ന്​ അന്വേഷിക്കുമെന്ന്​ കരുതി. ജോലി വല്ലതും ആയോ എന്ന ഒരു ചോദ്യമെങ്കിലും. ഞാന്‍ ഒരു സഹായവും ചെയ്​തുകൊടുക്കാത്ത എത്രയോ പേര്‍ എന്നെ വിളിച്ച്​ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്​. എന്നാല്‍ പാര്‍വതി അത്​ ചെയ്​തില്ല. സിനിമ കണ്ടിട്ട്​ എത്രയോ പേർ വിളിച്ചു. എന്നാൽ ഇവർക്ക്​ ബിസിനസ്​ മാത്രമായിരുന്നു ലക്ഷ്യം. അവർ വന്നു. അവർക്ക്​ വേണ്ടത്​ കിട്ടി. അവർ പോയി. ഏഷ്യാനെറ്റിൽ ഷോ ഷൂട്ടിന്​ ചെന്നപ്പോള്‍ പാര്‍വതിയെ കണ്ടപ്പോള്‍ അവാര്‍ഡ്​ കിട്ടട്ടെ എന്ന്​ ആശംസ കൂടി നേര്‍ന്നിട്ടാണ് ഞാന്‍​ പോന്നത്​. തന്‍റെയും ആഗ്രഹം അതുതന്നെയാണെന്ന്​ പാര്‍വതിയും പറഞ്ഞു. അവരുമായി സ്​നേഹത്തിൽ തന്നെയായിരുന്നു. എന്നാല്‍ അവാര്‍ഡ്​ കിട്ടിയപ്പോള്‍ എന്നെ ഒന്ന്​ വിളിക്കാമായിരുന്നു. അതുണ്ടായില്ല. ഇറാഖില്‍ നേരിട്ട അനുഭവം ഞാന്‍ വ്യക്​തിപരമായി പാര്‍വതിക്ക്​ പകര്‍ന്നുനല്‍കിയിരുന്നു. പാര്‍വതി വീട്ടില്‍ വന്നപ്പോള്‍ എനിക്കും മക്കള്‍ക്കുമൊപ്പം എടുത്ത ഫോട്ടോയാണ്​ സിനിമയുടെ അവസാനത്തിൽ കാണിക്കുന്നത്​.  

പ്രിവ്യു പോലും കാണിച്ചില്ല

സിനിമയ്‍ക്കായി എന്‍റെ സമയം നോക്കിയല്ല, അവരുടെ സമയം നോക്കിയാണ്​ ഞാന്‍ കാര്യങ്ങള്‍ ചെയ്​തുകൊടുത്തത്​. അവര്‍ക്ക്​ സൗകര്യപ്പെടുന്ന സ്​ഥലത്തും സമയത്തുമാണ്​ ഞാൻ പോയത്​. എന്‍റെ അസൗകര്യങ്ങള്‍ മാറ്റിവെച്ച്​ അവരുടെ നിര്‍ദേശ പ്രകാരമാണ്​ ഞാന്‍ എല്ലായിടത്തും പോയത്​. അങ്ങനെയുള്ള ഒരു സിനിമയുടെ  പ്രിവ്യു പോലും എന്നെ കാണിച്ചില്ല. അതിന്​ സാധിച്ചില്ല എന്നാണ്​ പിന്നീട്​ സംവിധായകന്‍ മഹേഷ്​ പറഞ്ഞത്​. കോട്ടയത്ത്​ ആദ്യ ഷോ അവര്‍ക്കൊപ്പം പോയി കണ്ടു. 


 

loader