സി.വി. സിനിയ
മികച്ച സിനിമകളുടെ പെരുമഴക്കാലം സമ്മാനിച്ച സംവിധായകനാണ് കമല്‍. ഇപ്പോഴിതാ ആമിയും. മലയാളികളുടെ പ്രിയ എഴുത്തുകാരി ആമി എന്ന മാധവിക്കുട്ടിയുടെ ജീവിതമാണ് അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നത്. കവിതകളിലൂടെയും കഥകളിലൂടെയും വ്യക്തിജീവിതത്തിലൂടെയുമെല്ലാം മാധവിക്കുട്ടിയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു കമല്‍ നടത്തിയത്. ഒരു ബയോപിക് എന്നതിലുപരി മികച്ച കലാസൃഷ്ടിയാണ് പ്രേക്ഷകര്‍ക്കായി സംവിധായകന്‍ നല്‍കിയത്. ആമിയുടെ വിശേഷങ്ങള്‍ കമല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
സിനിമയെ കുറിച്ചുള്ള പ്രതികരണം?
മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആമിയെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ തന്നെ സിനിമ എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപാട് പ്രശ്‌നങ്ങളൊക്കെ സിനിമ പുറത്തിറങ്ങുമ്പോള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതുപോലെ ഒരുപരിധിവരെ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി എനിക്കുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയെന്നതാണല്ലോ ഏറ്റവും പ്രധാന കാര്യം. അതില്‍ വിജയിച്ചു. കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.
മാധവിക്കുട്ടിയുടെ സിനിമ എന്ന ആശയം രൂപപ്പെട്ടത് എപ്പോഴാണ്?
രണ്ട് മൂന്ന് വര്‍ഷം മുന്‍പാണ് ഒരു ആത്മകഥ സിനിമയാക്കണമെന്ന് ഞാന്‍ ചിന്തിച്ചത്. അതും ഒരു സ്ത്രീയുടെ കഥ ചെയ്യാനായിരുന്നു ആഗ്രഹം. മാധവിക്കുട്ടി തന്നെയാണ് ആദ്യം മനസ്സിലേക്ക് വന്നത്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിയാണ് മാധവിക്കുട്ടി. ലോകം മുഴുവന്‍ അറിയുന്ന എഴുത്തുകാരി, ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നമ്മെ അമ്പരപ്പിച്ചിട്ടുള്ള വ്യക്തി. അങ്ങനെയാണ് മാധവിക്കുട്ടി എന്ന കഥയിലേക്ക് എത്തുന്നത്. മാത്രമല്ല മാധവിക്കുട്ടിയുടെ കൃതികള്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ കൃതികള്‍ വായിച്ചതിലൂടെയും മറ്റുള്ളവര്‍ അവരെ കുറിച്ച് പറയുന്നതും എഴുതിയതുമൊക്കെ എന്നെ സ്വാധീനിച്ചിരുന്നു.
സാങ്കല്‍പ്പിക സിനിമയില്‍ നിന്ന് മാറി യഥാര്‍ത്ഥ ജീവിതത്തിലേക്ക് വന്നതിന് കാരണം?
ആത്മകഥ ചെയ്യണമെന്ന് തന്നെയാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. അതുകൊണ്ട് തന്നെ സാങ്കല്‍പ്പികത്തില്‍ നിന്ന് മാറി യഥാര്‍ത്ഥ ജീവിതം സിനിമയായി തിരഞ്ഞെടുത്തു. പക്ഷേ ചില കാര്യങ്ങള്‍ ഞാന്‍ സിനിമയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ മാത്രമേ ആ സിനിമ പൂര്‍ത്തിയാകുകയുള്ളു. ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. തിയേറ്ററുകളില്‍ സിനിമയെത്തി. ആളുകളുടെ പ്രതികരണം കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
വിവാദങ്ങള്‍ സിനിമയെ ബാധിച്ചിരുന്നോ?
വിവാദങ്ങള്‍ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതിനെയോ അതിന്റെ കളക്ഷനെയോ ബാധിക്കുന്നില്ല.വിവാദങ്ങള്‍ ഉണ്ടാക്കുന്നത് അവരുടെ സ്വന്തം താല്‍പര്യത്തിന്റെ പേരിലാണ്. അതിലൊന്നും കഴമ്പില്ല. മാത്രമല്ല റിലീസിന് മുമ്പ് കാണാത്ത ഒരു സിനിമയെ കുറിച്ച് മുന്‍വിധിയോടു കൂടി വിവാദം ഉണ്ടാകുക്കുന്നതില്‍ യാതൊരു കഴമ്പുമില്ല. പത്മാവതിക്കും ഉണ്ടായിട്ടുണ്ടല്ലോ. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്ക് വേണമെങ്കിലും എന്തും പറയാം എന്നുള്ളതാണ്. അതിനെ കുറിച്ച് നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല. ഞങ്ങളുടെ ജോലി സിനിമ ചെയ്യുകയെന്നുള്ളതാണ്. അത് തിയേറ്ററില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കാണും. അവരെ വിശ്വസിക്കുക. അവരെ മുഖവിലയ്ക്ക് എടുക്കുകയെന്നതാണ്. സോഷ്യല്‍ മീഡിയ ഈ അടുത്ത് വന്നതല്ലേ. അതില്‍ അവരുടെ സംസ്‌കാരം അവര്‍ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു. അതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചാല്‍ ക്രിയേറ്റീവായി ഒന്നും ചെയ്യാന്‍ കഴിയില്ല.
ആമിയെ എങ്ങനെ വിലയിരുത്തുന്നു?
നേരത്തെ വിദ്യാബാലനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. ചില കാരണത്താല്‍ അത് മാറി മഞ്ജുവിലേക്ക് എത്തി. ചിത്രത്തില്‍ ആമിയായി ആരായിരുന്നു മികച്ചതെന്ന് ഞാനല്ല പ്രേക്ഷകര്‍ തന്നെയാണ് വിലയിരുത്തേണ്ടത്. അത് അവര്‍ വിലയിരുത്തി കഴിഞ്ഞു. മഞ്ജു വളരെ നന്നായി എന്നുപറഞ്ഞാണ് കമന്‍റ് വന്നുകൊണ്ടിരിക്കുന്നത്.
സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ താങ്കളെ ടെന്‍ഷനടിപ്പിച്ച കാര്യം എന്തായിരുന്നു?
ലോകം അറിയുന്ന ആ വലിയ എഴുത്തുകാരിയെ സ്‌ക്രീനില്‍ എത്തിക്കുകയെന്നത് തന്നെയായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ അത് മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞു. എല്ലാ സിനിമയ്ക്കും അതിന്റെതായ രീതിയില്‍ ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. ചില സിനിമകള്‍ കലാപരമായി കൂടുതല്‍ മികച്ച് നില്‍ക്കണം. പ്രേക്ഷകരെ രസിപ്പിക്കണം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവാറുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം എന്റെയൊരു ആത്മസ്പര്‍ശം തന്നെയായിരുന്നു. ഹൃദയത്തില്‍ തൊട്ട് ചെയ്ത സിനിമയാണിത്. മാധവിക്കുട്ടിയുടെ സിനിമ ചെയ്യുമ്പോള്‍ അത് അത്രയും വെല്ലുവിളി നേരിടുന്ന ഒന്നാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ എല്ലാവിധ ഗൗരവത്തോടുകൂടി അതിനായി എന്നെ തന്നെ സമര്‍പ്പിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തത്. പ്രേക്ഷകര്‍ ഒരേപോലെ ഉറ്റുനോക്കുന്ന സിനിമയായതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ ആമി ചെയ്തപ്പോള്‍ അതിന്റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനാണ് കൂടുതല്‍ പേരും ശ്രമിച്ചിട്ടുള്ളത്. ഈ സിനിമയെ സോഷ്യല്‍ മീഡിയിലൂടെയൊക്കെ ശകാരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. എന്റെ ലക്ഷ്യം മികച്ച രീതിയില്‍ ഇത് തിയേറ്ററുകളില്‍ എത്തിക്കുകയെന്നതായിരുന്നു.
മാധവിക്കുട്ടി എന്ന പ്രണയരാജകുമാരിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തന്റെ വലിയ സ്വപ്‌ന സാക്ഷാത്കാരത്തിനാണ് ഇന്ന് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചതെന്ന് കമല്‍ പറഞ്ഞു നിര്‍ത്തി.
