ആർക്കും ആരേയും എളുപ്പം മോശക്കാരാക്കാവുന്ന ഒരു കാലത്തിന്റെ കഥയാണ് 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന പുതിയ സിനിമയിലൂടെ മധുപാൽ പറയുന്നത്. "ഇത് നാം ജീവിക്കുന്ന ഈ കാലത്തിന്റെ കഥയാണ്. നമ്മുടെ ഈ കാലം അങ്ങനെയാണ്. ഏത് ആൾക്കൂട്ടത്തിലും ഒരാൾ വിചാരിച്ചാൽ മറ്റൊരാളെ എളുപ്പം മോശക്കാരനാക്കി മാറ്റാം. നമ്മുടെ സമൂഹത്തില്‍ ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോടു ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ഈ കഥയിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്," മധുപാൽ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ മധുപാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്‍ക്കുന്നു.

എന്താണ് കുപ്രസിദ്ധ പയ്യനിലൂടെ പറയാനുദ്ദേശിക്കുന്നത്?

നമുക്ക് പരിചിതമായ നമുക്കു ചുറ്റും  നടന്നുകൊണ്ടിരിക്കുന്ന കഥതന്നെയാണ് കുപ്രസിദ്ധ പയ്യൻ. ഇതിലെ സംഭവങ്ങൾ അല്ലെങ്കിൽ ഇതിലെ കഥ നടന്നിട്ടുണ്ട്, നടന്നുകൊണ്ടിരിക്കുന്നുണ്ട് ഇനിയും നടക്കുകയും ചെയ്യും. ഇതിൽ കൊലപാതകം ഉണ്ട്, അന്വേഷണം ഉണ്ട്, മിസ്റ്ററിയും ഉണ്ട്. എന്നാൽ അതേസമയം ഇമോഷൻസും ഉണ്ട്. നമുക്ക് പരിചിതമായ ജീവിതം പറയുന്ന സിനിമയാണിത്. ജീവിതത്തിൽ നടക്കാത്തതായി ഒന്നുമില്ല. ഇതിലെ സംഭവങ്ങളെല്ലാം നിത്യജീവിതത്തിലെ ഭാഗം തന്നെയാണ്. അങ്ങനെയുളള കാഴ്ചകൾ തന്നെയാണ് സിനിമയിലേക്ക് വരുന്നത്.

ഒരു കൊമേഴ്സ്യൽ സിനിമ എന്നനിലയിൽ കുപ്രസിദ്ധ പയ്യൻ താങ്കളുടെ ആദ്യ സിനിമകളിൽനിന്ന് എങ്ങിനെ  വേറിട്ടുനിൽക്കുന്നു?

സിനിമ വ്യത്യസ്തമാകുന്നത് പ്രേക്ഷകന്റെ കണ്ണിലാണ്. അവരാണ് സിനിമയെ സീരിയസ്സും ഹ്യൂമറും ഒക്കെ ആക്കി മാറ്റുന്നത്. ചിലപ്പോൾ വളരെ സീരിയസായ സിനിമകളിലും തമാശ ഉണ്ടാകാം. പ്രേക്ഷകർ സിനിമയെ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ആത്യന്തികമായി പ്രേക്ഷകനാണ് സിനിമയുടെ സ്വഭാവം നിർണയിക്കുന്നത്.

ആറു വർഷത്തെ ഇടവേള എന്തുകൊണ്ട്?

സിനിമയുടെ കാര്യത്തിൽ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ കാലമത്രയും ഞാൻ പല ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആന്തോളജിയുടെ ഭാഗമായി ഒരു സിനിമ ചെയ്തു. ടെലിവിഷനിൽ ജോലി ചെയ്തു. എഴുതുന്നുണ്ടായിരുന്നു യാത്രകള്‍ ചെയ്തു. നിലവില്‍ എന്റെ കൈയ്യില്‍ മൂന്നു സ്ക്രിപ്റ്റ് ഉണ്ട്.

സ്വന്തമായി സ്ക്രിപ്റ്റ് എഴുതുന്നുണ്ടോ?

ഇല്ല. ഇതുവരെ ചിന്തിച്ചിട്ടില്ല. സിനിമ ചെയ്യുക എന്നതിനെ ദാമ്പത്യം ആയാണ് ഞാൻ കാണുന്നത്. കുടുംബത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അവസാന തീരുമാനം ഗൃഹനാഥനാണ് എന്നതാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ എന്റെ ജീവിതത്തില്‍ അങ്ങനെ അല്ല. ഞാൻ ഒറ്റയ്ക്കല്ല വീടിനെ കൊണ്ടുപോകുന്നത്. എന്നേക്കാൾ നന്നായി എന്റെ വീടിനെ അറിയുന്നത് ഭാര്യയാണ്. അവളില്ലാതെ ജീവിതമോ ജോലിയോ ഒന്നും എനിക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാനാവില്ല. ഒരു മനുഷ്യനും ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന് ഞാൻ കരുതുന്നു. എത്ര ഒറ്റയ്ക്ക് എന്നുപറയുന്ന ആൾക്കും അയാളെ സഹായിക്കാൻ ഏറെ അടുപ്പമുള്ള മറ്റൊരാൾ ഉണ്ടാകും. ഈ ഇന്റിമസിയാണ് എനിക്ക് സിനിമ. അതുതന്നെയാണ് എന്റെ സിനിമകളിലും കാണുക.

ഇതേ ചിന്തകളാണോ കുപ്രസിദ്ധ പയ്യൻ പങ്കുവയ്ക്കുന്നത്?

ഈ സിനിമ കാണുമ്പോൾ ഒരാൾ മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ടാകും. ഒരാൾക്ക് മറ്റൊരാളെ എപ്പോൾവേണമെങ്കിലും ഏത് ആൾക്കൂട്ടത്തിൽ വച്ചും മോശക്കാരനാക്കാൻ സാധിക്കും. അതാണ് നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ കണ്ടു വരുന്ന സ്വഭാവം. ഒരു നിമിഷം കൊണ്ട് ലോകത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈയൊരു അവസ്ഥ എന്റെ സിനിമയിൽ വളരെ കൃത്യമായി പ്രതിപാദിക്കുന്നു.

നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണോ ഈ സിനിമയിലൂടെ?

ഞാൻ ആത്യന്തികമായി നിയമവ്യവസ്ഥയിലാണ് വിശ്വസിക്കുന്നത്. ജുഡിഷ്യറി നമ്മെ സഹായിക്കുന്നതിനുളള സംവിധാനമാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മുടെ അടിസ്ഥാനപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഇവിടുത്തെ നിയമ വ്യവസ്ഥ തന്നെയാണ്. ഈ നിയമ വ്യവസ്ഥയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആരംഭിക്കുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. അതോടെ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ താളംതെറ്റും.

ഇതുവരെ ചെയ്ത മൂന്ന് സിനിമകളിലും ജുഡിഷ്യറി പ്രതിപാദിക്കുന്നു. എന്തുകൊണ്ടാണ് ജുഡിഷ്യറിയോട് ഇത്ര അടുപ്പം?

രണ്ടു കാര്യങ്ങളെ ഞാനിപ്പോഴും ഭയക്കുന്നു, പൊലീസിനെയും ജുഡീഷ്യറിയെയും. ജുഡിഷ്യറിയെ വെല്ലുവിളിക്കാൻ നമുക്ക് അവകാശമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്ന ജുഡിഷ്യറിക്ക് കീഴ്പ്പെട്ടാണ് നമ്മൾ ജീവിക്കുന്നത്. ഭരണഘടനയടക്കമുള്ള നിയമങ്ങളെല്ലാം സമൂഹത്തിന്റെ സമാധാനപരമായ ആരോഗ്യകരമായ നിലനിൽപ്പിനായി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇത് തിരിച്ചറിയാതെ പോകുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. എന്റെ ആദ്യസിനിമയിലും ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട്. ജുഡിഷ്യറിയെ വെല്ലുവിളിക്കുമ്പോൾ കലാപത്തിനുള്ള ആഹ്വാനം ഉണ്ടാകുന്നു. അതാണ് ഞാൻ പറയുന്നത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരാളെ പ്രതിയാക്കാമെന്ന്. അത്തരമൊരു പ്രതിയാക്കലിൽ നിന്നും നാമെല്ലാവരും നമ്മുടെ സമൂഹവും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് ഈ സിനിമയിൽ ഞാൻ കൊണ്ടുവന്നിട്ടുള്ളത്. ആളുകളുടെ മനസ്സാണ് ഈ സിനിമയിൽ ഞാൻ കാണിക്കുന്നത്. കൗശലത്തിന്റേയും കൃത്രിമത്തിന്റേയും ലോകത്താണ് നാം ജീവിക്കുന്നത്. ഇതെല്ലാം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു കൂടിയാണ് ഈ സിനിമ പറയുന്നത്.