'ഡീയസ് ഈറേ' എന്ന ചിത്രത്തിലെ കിരൺ എന്ന കഥാപാത്രത്തെക്കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും നടൻ അരുൺ അജികുമാർ സംസാരിക്കുന്നു. പ്രണവ് മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളും താരം പങ്കുവെക്കുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ഹൊറർ ചിത്രം 'ഡീയസ് ഈറേ' ബോക്സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രത്തിലെ കിരൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ അജികുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം ചേരുന്നു...
'രാഹുലേട്ടൻ വിളിച്ചു; ഞാൻ വന്നു'...
ചെറുപ്പം മുതലേ നാടകങ്ങളിലെല്ലാം കോമിക് കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്തിട്ടുള്ളത്. എനിക്കും താൽപര്യം അത് തന്നെയായിരുന്നു. ആ സ്പീഡ്, മോഡുലേഷൻ എല്ലാം നന്നായി വർക്ക് ചെയ്യുമായിരുന്നു. അല്ലാതെ കുറച്ച് ഡെപ്ത്ത് ഉള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത് ഷോര്‍ട് ഫിലിംസിലാണ്. അങ്ങനത്തെ കഥാപാത്രങ്ങൾ എനിക്ക് പറ്റും, നന്നായി ചെയ്തു എന്നൊക്കെ കൂട്ടുകാർ പറയുമ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ സിനിമയിലെത്തിയപ്പോഴും ആദ്യമാദ്യം കിട്ടിയതും കുറച്ച് കൂൾ വേഷങ്ങൾ ആണ്. പിന്നീടെപ്പോഴോ രാഹുലേട്ടൻ പറഞ്ഞു നിന്നെ വച്ച് അടുത്ത പടത്തിൽ ഒരു പരിപാടി പിടിക്കുന്നുണ്ട്, പറ്റിയ വേഷമാണെന്നും കുറച്ച് ട്രബിൾഡ് ആയിട്ടുള്ള പയ്യന്റെ ക്യാരക്ടർ ആണെന്നും എല്ലാം വഴിയെ പറയാമെന്നും പറഞ്ഞു. പിന്നെ ചോദിച്ചത് കരയാൻ പറ്റുമോ എന്നാണ്. പിന്നെന്താ പറ്റുമല്ലോ എന്ന് ഞാനും മറുപടി പറഞ്ഞു. പടക്കളത്തിൽ ഒരു ചെറിയ ഇമോഷണൽ സീൻ നന്നായി ചെയ്തെന്നും നെഗറ്റീവ് ഷെയ്ഡുള്ള ഓഫറുകൾ വന്നാൽ അതും നോക്കണമെന്നും ഡയറക്ടർ മനുചേട്ടൻ പറഞ്ഞിരുന്നു. അതെല്ലാം കൊണ്ട് കിട്ടിയ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. രാഹുലേട്ടൻ വിശ്വസിച്ച് തന്ന കഥാപാത്രം മാക്സിമം നന്നാക്കണമെന്നേ ഉണ്ടായിരുന്നുള്ളു. ട്രൈ ചെയ്തു. അത് നന്നായെന്ന അഭിപ്രായങ്ങൾ കേൾക്കുന്നതിൽ സന്തോഷമുണ്ട്.

'റിയൽ ലൈഫിൽ ഒരു കിരണുണ്ട്'
കിരൺ എന്ന കഥാപാത്രത്തെ എങ്ങനെ എക്സിക്യൂട്ട് ചെയ്യണമെന്ന് ഒരുപാട് ചിന്തിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ രാഹുലേട്ടനോട് ഒരു കൂട്ടുകാരനെ കുറിച്ച് പറഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആദ്യമായാണ് ഒരു മരണവീട്ടിൽ പോകുന്നത്. അവൻ വളരെ സ്വാഭാവികമായാണ് പെരുമാറിയത്. പക്ഷെ മതിലിൽ ഫുട്ബോൾ തട്ടി തട്ടി റിലാക്സ്ഡ് ആയി നിന്നിരുന്ന അവനെ കണ്ടപ്പോൾ ഉണ്ടായ ഭീകരത ഇന്നും മനസ്സിലുണ്ട്. കഥ വായിച്ചപ്പോൾ ഉണ്ടായിരുന്ന കിരണിന്റെ മാനറിസം സൈലന്‍റ് പേഴ്സൺ എന്നായിരുന്നു. അതായത് മിണ്ടാതെ ഇരിക്കുന്നു, പ്രണവേട്ടന്റെ കഥാപാത്രം വന്ന് സംസാരിക്കുമ്പോൾ അത് കേൾക്കുന്നു അങ്ങനെ ചില സീനുകൾ. അപ്പോഴാണ് ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാലോ എന്ന് ചോദിക്കുന്നത്. അടിപൊളി, നിനക്ക് ഫുട്ബോൾ തരാം, അങ്ങനെ തന്നെ ചെയ്യൂ എന്നായിരുന്നു രാഹുലേട്ടന്റെ മറുപടി. പിന്നെ എന്ത് അവസരം വന്നാലും റൈറ്റർ ഗോപൻ ചിദംബരം സാറിനോട് ഡിസ്കസ് ചെയ്യാറുണ്ട്. അദ്ദേഹം പറഞ്ഞു തന്ന മറ്റ് റിയൽ ലൈഫ് ഇൻസിഡന്‍റ്സും കിരൺ എന്ന കഥാപാത്രത്തിന് ഇൻസ്പിരേഷൻ ആയി. പേഴ്സണലി സിഗരറ്റ് വലിക്കാത്തയാളാണ് ഞാൻ. ആങ്ഷ്യസ് ആകുന്ന സമയം സിഗരറ്റ് പിടിക്കുന്നതൊക്കെ കൂട്ടുകാരെ നോക്കിയാണ് ചെയ്യാൻ ശ്രമിച്ചത്. കിരണാകാൻ ഒരുപാട് പേരെ നിരീക്ഷിച്ചിരുന്നു.
'പല സീനുകളിലും ത്രില്ലടിച്ചു'
കിരണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എക്സൈറ്റിംഗ് ആയ ഒരു കാര്യമായിരുന്നു. അതിന് പല ഡിപ്പാർട്ട്മെന്റുകളുടെ കൊളാബറേഷൻ ഉണ്ടായിട്ടുണ്ട്. ഹെവി പ്രോസ്തെറ്റിക്ക് മേയ്ക്കപ്പ് ഡിപ്പാർട്ട്മെന്റ്, സ്റ്റണ്ട് ടീം, ക്യാമറാമാൻമാർ അങ്ങനെ ഇവരെല്ലാം പല സീനുകളും വളരെ ശ്രദ്ധാപൂര്‍വ്വമാണ് കണ്ടുകൊണ്ടിരുന്നത്. അത്ര നന്നായി അവർ അതിനെ ഡെലിവർ ചെയ്യാൻ എഫർട്ട് ഇട്ടിട്ടുണ്ട്. അങ്ങനെ വർക്ക് ചെയ്യാൻ സാധിച്ചത് ഒരു ആക്ടർ എന്ന നിലയിൽ വലിയ കാര്യമായാണ് തോന്നുന്നത്. എനിക്ക് പല ഇൻസെക്യൂരിറ്റീസും ഉണ്ടായിരുന്നു. പക്ഷെ അതിനെല്ലാം ഉപരി എനിക്ക് ഒരു ത്രില്ലും ഉണ്ടായിരുന്നു. ടെക്നിക്കലി രാഹുലേട്ടന്റെ ബ്രില്യൻസ് ആളുകളിലേക്ക് നന്നായി എത്തിക്കാൻ പറ്റി. അതിൽ സന്തോഷമുണ്ട്. സിനിമ കണ്ടതിന് ശേഷം ഫാമിലി, ഫ്രണ്ട്സ് പ്രേക്ഷകർ ഒക്കെ അഭിനന്ദിച്ചപ്പോൾ എനിക്ക് അഭിമാനം തോന്നി.

സ്ക്രീനിലും പുറത്തും പ്രണവേട്ടൻ ചിൽ ആണ്'
ഡയറക്ടറായ രാഹുലേട്ടനെ ഭൂതകാലം സിനിമ മുതൽ പരിചയമുണ്ട്.ആ സിനിമയുടെ പോസ്റ്റർ ഡിസൈനിങ് ചെയ്തിരുന്നു. ആ പരിചയം ഒരുപാട് സഹായിച്ചിരുന്നു. പുള്ളി എനിക്ക് ഒരു മെന്റർ ആണ്. കരിയറിൽ ഗൈഡ് ചെയ്തിട്ടുണ്ട്. സിനിമയിൽ എനിക്കുണ്ടാകുന്ന സംശയങ്ങൾ, ചിന്തകൾ എല്ലാം വളരെ ഈസി ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയിരുന്നു. പിന്നെ പ്രണവേട്ടനെ ആദ്യമായി കാണുന്നത് ലുക്ക് ടെസ്റ്റിൽ ആണ്. അതിന് ശേഷം പോസ്റ്റേഴ്സിന് വേണ്ട ഫോട്ടോഷൂട്ടിലാണ് മീറ്റ് ചെയ്തത്. ഞാനാണ് അത് ഡയറക്ട് ചെയ്തത്. എന്നെ അത്ഭുതപെടുത്തിയത് അദ്ദേഹത്തിന്റെ ഡെഡിക്കേഷമാണ്. ശ്വാസം പിടിച്ച് ഞരമ്പുകൾ വലിഞ്ഞ് മുറുകുന്ന ഫോട്ടോകൾക്കായി ശരിക്കും അലറുമായിരുന്നു. എത്ര പ്രാവശ്യം വേണമെങ്കിലും ആ പെർഫെക്ട് ഷോട്ട് കിട്ടാൻ വേണ്ടി നിന്നുതന്നിരുന്നു. ഇങ്ങോട്ട് വന്ന് വേണമെങ്കിൽ ഒന്നുകൂടെ ചെയ്യാമെന്ന് പറയുമായിരുന്നു. സെറ്റിലാണെങ്കിലും ചിൽ ആണ്. പുള്ളി ഒരു പടം ചെയ്യാൻ വരുന്നത് നമ്മൾ ഫ്രണ്ട്സുമായി ഗെറ്റ് ടുഗെതറിന് വന്ന് ചില്ലടിക്കുന്ന പോലെയാണെന്ന് പറയാം. അത്ര റിലാക്സ്ഡ് ആയിരുന്നു. ഞങ്ങളുടെ കോമ്പിനേഷൻ ഷൂട്ടിന് മുന്നേ പ്രാക്ടീസ് ചെയ്യാനൊക്കെ വിളിക്കുമായിരുന്നു. അതൊക്കെ എന്നെ ഒരുപാട് സഹായിച്ചു.

'ഫസ്റ്റ് ലുക്ക് പോസ്റ്റർ റിയൽ പെയിന്റിങ് ആണ്'
'ഡീയസ് ഈറേ' എന്ന പേരാണ് രാഹുലേട്ടൻ ആദ്യം എനിക്ക് പറഞ്ഞുതരുന്നത്. അതിനെ കുറിച്ച് ഒന്ന് സ്റ്റഡി ചെയ്തിട്ട് വേണമായിരുന്നു മറ്റു കാര്യങ്ങൾ ഡെവലപ്പ് ചെയ്യാൻ. കുറച്ച് വീഡിയോസും ഫോട്ടോസും പെയിൻ്റിങ്സും എല്ലാം റഫറൻസ് തന്നിരുന്നു. കഥയുടെ ഔട്ട്ലൈൻ കൂടെ കേട്ടപ്പോൾ എക്സൈറ്റഡ് ആയി. കാരണം അധികം ആർക്കും പരിചയം ഇല്ലാത്ത ഒരു കോൺസെപ്റ്റ് രൂപകൽപ്പന ചെയ്യുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിച്ചു. രാഹുലേട്ടന്റെ മറ്റു സിനിമകളെ പോലെ തന്നെ മിനിമൽ ബ്രാൻഡിങ് തന്നെയായിരുന്നു ഫോക്കസ്. റെഡ്, ബ്ളൂ കളർ തീം ചിത്രവുമായി നന്നായി ബ്ളൻഡ് ചെയ്തിരുന്നു. ടൈറ്റിൽ ലുക്ക് പോസ്റ്റർ റിയൽ പെയിന്റിങ് ആണ്. മൂന്നു മാസത്തോളം സമയമെടുത്ത് ക്യാൻവാസിൽ ചെയ്ത ഓയിൽ പെയ്റ്റിങ് ആയിരുന്നു. നല്ല റെസ്പോൺസ് ലഭിച്ചിരുന്നു. ചിത്രം ഷൂട്ട് ചെയ്യാൻ ഏകദേശം ഒരു മാസത്തോളമാണ് എടുത്തത്. ഒരു എക്സ്പിരിമെന്റ് എന്നതിന് പുറത്താണ് പോസ്റ്റർ ചെയ്യാൻ മൂന്നുമാസത്തോളം സമയം എടുത്തത്. ആദ്യമായായിരിക്കും ഇങ്ങനെ ഒരു ആശയം. അതിനെടുത്ത സമയം, എഫർട് എല്ലാം നന്നായി തന്നെ ഫലം കണ്ടു.

'എവിടെ നോക്കിയാലും 'ഭ്രമയുഗം''
ഏസ്തറ്റിക് കുഞ്ഞമ്മ എന്ന ബ്രാൻഡിന് ഏറ്റവും കൂടുതൽ എക്സ്പോഷർ കിട്ടിയിട്ടുള്ളത് ഭ്രമയുഗത്തിന്റെ പോസ്റ്റർ ഡിസൈനിങ്ങിനാണ്. ഭ്രമയുഗം ഡിസൈനേഴ്സ് എന്നാണ് തമിഴിലും തെലുങ്കിലുമെല്ലാമുള്ള ഐഡന്‍റിറ്റി. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂക്കയ്ക്ക് ലഭിച്ചപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം വീണ്ടും ആ പോസ്റ്ററുകൾ നിറഞ്ഞു. അത്രയും വലിയ ഒരു പ്രേജക്റ്റിൽ ചെറിയ ഭാഗമാകാൻ പറ്റിയതിൽ അഭിമാനവും സന്തോഷവും ഉണ്ട്.

'റിയൽ അരുൺ വളരെ കൂളാണ്'
എന്റെ യഥാർഥ ക്യാരക്ടറിൽ നിന്നും ഒരുപാട് വ്യത്യസ്തനാണ് കിരൺ എന്ന കഥാപാത്രം. ലൈഫിൽ ഞാൻ വളരെ കൂൾ പേഴ്സൺ ആണ്. നന്നായി സംസാരിക്കുന്ന ആളാണ്. സെറ്റിൽ ആ ക്യാരക്ടർ പടിച്ച് ഒരു മൂലയിൽ പോയി ഇരുന്നിട്ടൊക്കെ ഉണ്ട്. അപ്പോഴൊക്കെ ഞാൻ ഇങ്ങനാണെന്ന് പലരും ചിന്തിച്ചിരുന്നു. പിന്നീട് ഷൂട്ടെല്ലാം കഴിഞ്ഞ് കാണുമ്പഴാണ് അവരൊക്കെ ഞാൻ ഇത്രയും ചിൽ ആണോ എന്നൊക്കെ ചോദിക്കുന്നത്. അതെ ഞാന്‍ എപ്പോഴും കൂള്‍ ആണ്.

'സിനിമയാണ് ഫോക്കസ്'
കുറച്ച് ഓഫറുകളെല്ലാം വന്നിട്ടുണ്ട്. കഥകൾ കേൾക്കുന്നുണ്ട്. നിവിൻ ചേട്ടനൊപ്പമുള്ള 'സർവ്വം മായ' എന്ന ചിത്രമാണ് ഇനി റിലീസിനുള്ളത്. സിനിമ തന്നെയാണ് ഫോക്കസ്. നല്ല കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നുണ്ട്. പിന്നെ കൂട്ടത്തിൽ ഏസ്തറ്റിക് കുഞ്ഞമ്മ എന്ന ഡിസൈനിങ് ബ്രാൻഡും എന്നോടൊപ്പം വളരണമെന്ന് ആഗ്രഹിക്കുന്നു.


