Asianet News MalayalamAsianet News Malayalam

പുള്ളിക്കാരന്‍ സ്റ്റാറാ, ശ്യാംധറും: മമ്മൂക്ക കൂളായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍

interview with movie director shyamdhar
Author
First Published Sep 7, 2017, 9:31 AM IST

തിയേറ്ററുകളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയാണ്‌ പുള്ളിക്കാരന്‍ സ്റ്റാറ എന്ന ചിത്രം. പുതുമയുള്ള സ്വഭാവ വിശേഷക്കാരനായി മമ്മൂട്ടി മുന്നേറുമ്പോള്‍ സംവിധായകന്‍ ശ്യാംധറും ഇവിടെ സ്‌റ്റാറാവുകയാണ്‌. സെവന്ത്‌ ഡേയ്‌ക്ക്‌ ശേഷം സംവിധാനം ചെയ്‌ത പുള്ളിക്കാരന്റെ വിശേഷങ്ങള്‍ ശ്യാംധര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‌ക്കുന്നു. സി വി സിനിയ നടത്തിയ അഭിമുഖം.

ആഗ്രഹിച്ചതുപോലെ പുള്ളിക്കാരനെ എത്തിക്കാന്‍ കഴിഞ്ഞോ?

പുള്ളിക്കാരന്‍ സ്റ്റാറ എന്ന ചിത്രം നല്ല റിസല്‍ട്ടാണ്‌ തന്നിട്ടുള്ളത്. ഫാമിലിക്ക്‌ കാണാന്‍ പറ്റുന്ന ഒരു ലളിതമായ സിനിമയാണിത്‌. ഒത്തിരിപേര്‍ സിനിമ കാണാനായിട്ട്‌ വരുന്നുണ്ട്‌. നല്ല കളക്ഷനുമുണ്ട്‌. പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുത്തു.  തിരക്കഥ ഡിമാന്റ്‌ ചെയ്യുന്ന രീതിയില്‍ അത്‌ എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ്‌ എന്റെ വിശ്വാസം. വിചാരിച്ചതുപോലെ തന്നെ എത്തിയിട്ടുണ്ട്‌. പ്രേക്ഷക പ്രതികരണം കൂടിയായപ്പോള്‍ അങ്ങനെ തന്നെയാണ്‌ കരുതുന്നത്‌.

സിനിമ ചെയ്‌തു കഴിഞ്ഞപ്പോള്‍

മോഹല്‍ലാല്‍,മമ്മൂട്ടി പോലെയുള്ളവരോടൊപ്പം അവരെ വച്ച്‌ ഒരു സിനിമ ചെയ്യുക എന്നത്‌ എല്ലാവരുടെയും ആഗ്രഹമാണ്‌. പക്ഷേ ഒരു സ്‌റ്റാറിനെ കിട്ടാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നിട്ടില്ല. നവാഗതനായ രതീഷ്‌ രവി ഈ സിനിമയെ കുറിച്ച്‌ പറയുമ്പോള്‍ ഇതിലെ കഥാപാത്രത്തെ കുറിച്ചാണ്‌ കൂടുതല്‍ സംസാരിച്ചത്‌. ആ കഥാപാത്രം കുറച്ച്‌ പക്വതയുള്ള ഒരാള്‍ ചെയ്യേണ്ടതു തന്നെയായിരുന്നു. ഇതിലെ കഥാപാത്രം ഒരു സംസാര പ്രിയനാണ്‌. സംസാരിച്ചാല്‍ മടുപ്പിക്കാത്ത തരത്തിലുള്ള ഒരാള്‍ ആയിരിക്കണം. അങ്ങനെയാണ്‌ മമ്മൂക്കയെ സമീപിക്കുന്നത്‌. അപ്പോള്‍ തന്നെ മുഴുവന്‍ കഥയും അദ്ദേഹത്തെ കേള്‍പ്പിച്ചു. ആദ്യ മീറ്റിംഗില്‍ തന്നെ അദ്ദേഹം റെഡിയാണെന്ന്‌ പറഞ്ഞു.

സിനിമയെ കുറിച്ച്‌ പ്രതീക്ഷ

പുള്ളിക്കാരന്‍ സ്റ്റാറിലെ  രാജകുമാരന്‍ എന്ന കഥാപാത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള കൗതുകമുള്ള കാര്യവുമാണ്‌ സിനിമയിലുടനീളം. ഞാന്‍ നേരത്തെ ചെയ്‌ത ചിത്രമായ സെവന്ത്‌ ഡേയിലുള്ളതുപോലെയുള്ള ട്വിസ്‌റ്റും ടേണും ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല. പുതിയ ഷോട്ടുകളും അങ്ങനെയൊന്നും കൊണ്ടുവരാന്‍ പറ്റുന്ന ഒരു സിനിമയല്ല. ലളിതമായ വിഷയം കൈകാര്യം ചെയ്യുന്ന ഷോട്ടുകളും അത്തരത്തില്‍ സിംപിളായി എത്തിക്കാന്‍ പറ്റിയെന്നതു തന്നെയാണ്‌ എന്റെ വിശ്വാസം. അത്‌ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്‌. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ സിനിമ അത്‌ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവും എന്നു തന്നെയായിരുന്നു ഈ സിനിമ ചെയ്യുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്‌. നെഗറ്റീയ ഒരു കാര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാം പോസറ്റീവ്‌ ആണ്‌. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ സന്തോഷം ഉണ്ടാകുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. കിട്ടുന്ന പ്രതികരണവും അങ്ങനെയാണ്‌.

പുള്ളിക്കാരനിലേക്ക്‌ എത്തിയത്‌

സെവന്ത്‌ ഡേ ഒരു ഡാര്‍ക്ക്‌ സിനിമയാണ്‌. അതുകൊണ്ടു തന്നെ ഒരു ബ്രൈറ്റ്‌ ആയിട്ടുള്ള സിനിമ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. ഫാമിലിയെ ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ള സിനിമ ആയിരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതു തന്നെയാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും.

ലൊക്കേഷന്‍ അനുഭവം

ലൊക്കേഷനില്‍ നല്ല അനുഭവം തന്നെയായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ മമ്മൂക്ക 45 ദിവസത്തോളം ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു. ലൊക്കേഷന്‍ മുഴുവന്‍ തമാശകള്‍ നിറഞ്ഞതായിരുന്നു. മമ്മൂക്കയെ കൂടാതെ ഹരീഷ്‌ കണാരന്‍, ദിലീഷ്‌ പോത്തന്‍, ഇന്നസെന്റ്‌ ഇവരൊക്കെ തമാശകളോടെ തന്നെയായിരുന്നു ലൊക്കേഷനിലും. സിനിമയിലെ ഓരോ സംഭാഷണം പോലെ തന്നെ ഞങ്ങളും ആസ്വദിച്ചാണ്‌ സിനിമ ചെയ്‌തത്‌. സിനിമയുടെ എല്ലാ സ്റ്റേജിലും ഈയൊരു സന്തോഷം നിറഞ്ഞുനിന്നിരുന്നു.

മമ്മൂക്ക എന്ന വ്യക്തി

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്കയെ വേറെ ഒരു ലെവലില്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നതാണ്‌. കേട്ടറിഞ്ഞ മമ്മൂക്കയേക്കള്‍ കൂടുതല്‍ സിംപിളാണെന്ന്‌ മനസ്സിലായി. നമുക്ക്‌ ഹാന്‍ഡില്‍ ചെയ്യാന്‍ എളുപ്പമാണ്‌. ഓരോ കാര്യങ്ങളും ശരിയായ രീതിയില്‍ വ്യക്തതയോടെ പറഞ്ഞ്‌ കൊടുത്താല്‍ മാത്രം മതി.അദ്ദേഹം വളരെ കൂളാണ്‌. ഒരു സംവിധായകന്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ ചെയ്‌തു തരും. സാധാരയണക്കാരനായ കഥാപാത്രമാണ്‌ മമ്മൂക്കയുടേതെന്ന്‌ സിനിമ കാണുമ്പോള്‍ തന്നെ അറിയാം. മമ്മൂക്കയ്‌ക്ക്‌ വേണ്ടി മാത്രമായി ഇതില്‍ ഷോട്ട്‌ വച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനത്തിലും അദ്ദേഹം സഹകരിച്ചു. നല്ല സപ്പോര്‍ട്ടുമായിരുന്നു. സിനിമയുടെ പ്രമോഷന്‍ പോലും അദ്ദേഹം ഫേസ്‌ബുക്ക്‌ പേജിലൂടെയൊക്കെ ചെയ്‌തിട്ടുണ്ട്‌. ഡയലോഗ്‌ പോലും ഇല്ലാതെ ചില ഷോട്ടുകള്‍ ഉണ്ടായിട്ടുണ്ട്‌ അത്രപോലും നല്ല സഹകരണം തന്നെയായിരുന്നു. അദ്ദേഹം ഹാപ്പിയാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. തുടര്‍ന്നും നമ്മളുടെ കൂടെ ഉണ്ടാവുമെന്ന്‌ കരുതുന്നുണ്ട്.

മറക്കാന്‍ പറ്റാത്ത അനുഭവം

ആദ്യ സിനിമയേക്കാള്‍ ഏറ്റവും ആസ്വദിച്ച്‌ എടുത്ത സിനിമ ഇതു തന്നെയാണ്‌. എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയായിരുന്നു ഇതിന്റെ ചിത്രീകരണം. മമ്മൂക്ക എപ്പോഴാണ്‌ ദേഷ്യപ്പെടുക, ചീത്ത പറയുക എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ കേട്ടിട്ടുള്ള മമ്മൂക്ക അങ്ങനെയാണെന്നാണ്‌. എന്നാല്‍ സിനിമയുടെ ചിത്രീകരണം തീരുന്നതിന്‌ മുന്‍പ്‌ മമ്മൂക്ക എന്നെങ്കിലും ദേഷ്യപ്പെടും എന്നൊക്കെ ഞാനും കൂടെ ജോലി ചെയ്യുന്ന എല്ലാവരും ചിന്തിച്ചത്‌. പക്ഷേ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല.

സെവന്ത്‌ ഡേയ്‌ക്ക്‌ ശേഷമുള്ള ഇടവേള

സെവന്ത്‌ ഡേ കഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച്‌ മറ്റ്‌ തിരക്കുകളിലായിരുന്നു. എനിക്ക്‌ പാലാരി വട്ടത്ത്‌ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉണ്ട്‌. പുതിയ ക്യാംപസിന്റെ കണ്‍ട്രക്ഷനുമായി ബന്ധപ്പെട്ടിട്ടുള്ള  തിരക്കിലായിരുന്നു. ഒന്നര വര്‍ഷത്തോളം അതിന്റെ പിന്നാലെയായിരുന്നു. ഇതിനിടയില്‍ നല്ല തിരക്കഥകളൊന്നും വന്നില്ല. പിന്നീട്‌ വന്നതൊക്കെ പുള്ളിക്കരാനുമായി ബന്ധപ്പെട്ടിട്ടുള്ള സമയത്തായിരുന്നു.

സിനിമ എന്ന സ്വപ്‌നം

കാക്കനാട്‌ ഭാരത്‌ മാതാ കോളേജില്‍ ഡിഗ്രി ചെയ്‌തുകൊണ്ടിരിക്കുന്നിതിനിടയിലാണ്‌ സിനിമയോടുള്ള ഒരിഷ്ടം കടന്നു വരുന്നത്‌. അതിന്‌ മുന്‍പും സിനിമയോടുള്ള ഇഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ ഡിഗ്രി പഠിക്കുന്നതിനിടയില്‍ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളെയും അടുത്തറിയാന്‍ സാധിച്ചു. ഈ സമയത്താണ്‌ സിനിമയുമായി ബന്ധപ്പെട്ട കോഴ്‌സുകളെ കുറിച്ചൊക്കെ അറിയുന്നത്‌. ഡിഗ്രിക്ക്‌ ഫിസിക്‌സിയിരുന്നു. പിന്നീടാണ്‌ സിനിമ എന്ന സ്വപ്‌നം തന്നെ മനസ്സിലേക്ക് വരുന്നത്‌. അതിന്‌ വേണ്ടി പിജി ഡിജിറ്റല്‍ ഫിലിം മെക്കിംഗ്‌ പഠിച്ചു.

പുതിയ പ്രൊജക്ട്‌

ഇനിയുള്ള സിനിമ ഒരു കോമഡി, ഒരു ഫണ്‍ ആയിട്ടുള്ള സിനിമ ചെയ്യണമെന്നാണ്‌ ആഗ്രഹം. ഇതിന്റെയൊക്ക്‌ കാര്യങ്ങള്‍ നടക്കുന്നതേയുള്ളു. അത്‌ എപ്പോഴാണ്‌ സംഭവിക്കുന്നതെന്ന്‌ അറിയില്ല. ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള നല്ല കഥകള്‍ അന്വേഷിക്കുകയാണ്‌.

കുടുംബത്തിന്റെ സപ്പോര്‍ട്ട്‌

അച്ഛന്‍ ശശിധരന്‍, അമ്മ ജയശ്രീ അവരുടെ സപ്പോര്‍ട്ട്‌ തന്നെയാണ്‌ ഇത്രയും എന്നെ എത്തിച്ചത്‌. പഠിച്ച്‌ കഴിഞ്ഞ്‌ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ആദ്യ സിനിമ ചെയ്‌തു. ആ അഞ്ചു വര്‍ഷം സിനിമയുടെ പിന്നാലെയായിരുന്നു. കുടുംബത്തിന്റെ സപ്പോര്‍ട്ട്‌ തന്നെയാണ്‌ അത്‌. ഇപ്പോള്‍ ഭാര്യ അഞ്‌ജലിയും ഇതിന്റെ പിന്നാലെയുണ്ട്‌. ഇപ്പോള്‍ പാലരിവട്ടത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തുകയാണ്‌.

Latest Videos
Follow Us:
Download App:
  • android
  • ios