Asianet News MalayalamAsianet News Malayalam

'പാപ്പയെ ഇത്രയും തീവ്രമാക്കിയത്‌ മമ്മൂട്ടി സാറാണ്‌', അമുദവന്റെ മകള്‍ പറയുന്നു

ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച പേരൻപില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത് സാധന ലക്ഷ്‌മി വെങ്കടേഷ്‌ ആണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സാധന ലക്ഷ്‌മി വെങ്കടേഷ്‌ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു.

Interview with Sadhna Lakshmi Venkatesh iffi2018
Author
Goa, First Published Nov 27, 2018, 3:57 PM IST

റാമിന്റെ തങ്കമീന്‍കളിലൂടെ ബാലതാരമായി എത്തിയ നടിയാണ്‌ സാധന ലക്ഷ്‌മി വെങ്കടേഷ്‌. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം ആദ്യ ചിത്രത്തില്‍ തന്നെ ഒട്ടേറെ അവാര്‍ഡുകള്‍. സാധനയുടെ രണ്ടാം ചിത്രമാണ്‌ പേരന്‍പ്‌. പുരസ്‌കാരങ്ങള്‍ നേടിയെടുത്ത ആദ്യചിത്രത്തിലെ വേഷത്തേക്കാള്‍ ചെയ്‌ത്‌ ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രത്തെയാണ്‌ ഈ പതിനാറുകാരി പേരന്‍പില്‍ അവതരിപ്പിച്ചത്‌. സ്‌പാസ്റ്റിക്‌ പരാലിസിസ്‌ ബാധിച്ച പെണ്‍കുട്ടിയെ ഇടര്‍ച്ചകളൊന്നുമില്ലാതെ ഗംഭീരമാക്കിയതിന്‌ സാധനയ്‌ക്ക്‌ കിട്ടിയ കൈയടികള്‍ കൂടിയായിരുന്നു ഗോവ ചലച്ചിത്ര മേളയില്‍ നടന്ന പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയറിന്‌ ശേഷം മുഴങ്ങിക്കേട്ടത്‌. എന്നാല്‍ പ്രീമിയര്‍ ഷോയ്‌ക്ക്‌ ശേഷം നേരിട്ട്‌ കണ്ടപ്പോള്‍, കേരളത്തില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചാണ്‌ സാധന വാ തോരാതെ സംസാരിച്ചത്‌. 'പാപ്പ' എന്ന തന്റെ കഥാപാത്രം സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം ഉടനീളം തനിക്കൊപ്പം സ്‌ക്രീനിലെത്തിയ മമ്മൂട്ടിയാണെന്ന്‌ പറയുന്നു സാധന. മമ്മൂട്ടിക്കൊപ്പമുള്ള പേരന്‍പിലെ അഭിനയാനുഭവത്തെക്കുറിച്ച്‌ ​ഗോവ ഐഎഫ്എഫ്ഐ വേദിയിൽ നിന്ന് സാധന ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണ്‍ലൈനിനോട്‌..Interview with Sadhna Lakshmi Venkatesh iffi2018

റാം അങ്കിളിന്റെ സിനിമയാണെങ്കില്‍ പോലും പേരന്‍പിലെ അവസരത്തെക്കുറിച്ച്‌ ആദ്യം അറിഞ്ഞപ്പോള്‍ ഭയമാണ്‌ തോന്നിയതെന്ന് സാധന പറയുന്നു. മമ്മൂട്ടി എന്ന അഭിനേതാവായിരുന്നു എന്റെ ഭയത്തിന്‌ കാരണം. അദ്ദേഹത്തിനൊപ്പം സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നില്‍ക്കേണ്ട, പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമാണ്‌. ഒരു തുടക്കക്കാരിയായ എനിക്ക്‌ അദ്ദേഹത്തെപ്പോലെ ഒരു വലിയ നടന്റെ റേഞ്ചിനൊപ്പം നില്‍ക്കാനാവുമോ എന്നായിരുന്നു ഭയം. പേരന്‍പ്‌ തന്റെ രണ്ടാമത്തെ ചിത്രം മാത്രമാണെന്നും മമ്മൂട്ടി ഇതുവരെ കരിയറില്‍ എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടാവുമെന്നുപോലും തനിക്കറിയില്ലെന്നും പറയുന്നു, സാധന.പക്ഷേ എന്റെ ഭയം റാം അങ്കിളിനും മമ്മൂട്ടി സാറിനുമൊക്കെ മനസിലായി. ഭയം മാറ്റിവച്ച്‌ കഥാപാത്രത്തിലേക്കെത്താന്‍ സഹായിച്ചത്‌ അവര്‍ രണ്ടുപേരുമാണ്‌. പിന്നെ ചിത്രീകരണസമയത്ത്‌ ലൊക്കേഷനിലെ മുഴുവന്‍ ആളുകളും. ചിത്രീകരണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ മമ്മൂട്ടി സാര്‍ വിലപ്പെട്ട ഒരുപാട്‌ ഉപദേശങ്ങള്‍ നല്‍കി- സാധന പറയുന്നു.

Interview with Sadhna Lakshmi Venkatesh iffi2018

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചും സാധനയ്‌ക്ക്‌ പറയാനുണ്ട്‌- ഞങ്ങള്‍ ഒപ്പമുള്ള പല രംഗങ്ങളിലും അദ്ദേഹം കഥാപാത്രത്തിന്റെ വികാരങ്ങള്‍ എക്‌സ്‌പ്രസ്‌ ചെയ്യുന്നത്‌ കണ്ട്‌ അത്ഭുതം തോന്നിയിട്ടുണ്ട്‌. ഒരര്‍ഥത്തില്‍ അതാണ്‌ ഞാന്‍ റിഫ്‌ളക്‌റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌. ഒരു നടി എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന്‌ എനിക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ടായിരുന്നു. റാം അങ്കിള്‍, അദ്ദേഹത്തിന്‌ ഷോട്ടുകളെക്കുറിച്ച്‌ ഒരുപാട്‌ വിശദമായൊന്നും പറഞ്ഞുകൊടുക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. എന്താണ്‌ എടുക്കാന്‍ പോകുന്നതെന്ന്‌ മൊത്തത്തില്‍ പറയും. പിന്നാലെ ടേക്കിലേക്ക്‌ പോവുകയായിരുന്നു മിക്കപ്പോഴും. നമുക്കുള്ളതില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്‌ മമ്മൂട്ടിയെന്നും പറയുന്നു, സാധന. എന്നെ സംബന്ധിച്ച്‌ അത്രയും വിലപ്പെട്ട ഒരു അവസരമായിരുന്നു ഇത്‌. ദൈവത്തിനോട്‌ ഇതില്‍ക്കൂടുതലൊന്നും എനിക്ക്‌ ചോദിക്കാനുണ്ടായിരുന്നില്ല. താന്‍ അവതരിപ്പിച്ച പാപ്പ എന്ന കഥാപാത്രം ഇപ്പോള്‍ സ്‌ക്രീനില്‍ കണ്ടതുപോലെ ആവാന്‍ കാരണം മമ്മൂട്ടിയാണെന്നും സാധനയുടെ സര്‍ട്ടിഫിക്കറ്റ്‌. എന്നാല്‍ പ്രകടനത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അമുദവന്റെ റേഞ്ചിനൊപ്പമെത്താന്‍ മകള്‍ക്കായില്ലെന്ന്‌ വിനീതയാവുന്നു ഈ കുട്ടി നടി, പേരന്‍പ്‌ കണ്ടവര്‍ക്ക്‌ അങ്ങനെ ഒരു അഭിപ്രായം ഇല്ലെങ്കിലും. മമ്മൂട്ടി സാറിന്റെ ലെവലിനൊപ്പം എന്റെ പെര്‍ഫോമന്‍സ്‌ എത്തിയിട്ടില്ലെന്ന്‌ അറിയാം, പക്ഷേ അതിനടുത്തൊക്കെയെത്താന്‍ സഹായിച്ചത്‌ ഇവരുടെയെല്ലാം പരിഗണനകളും പിന്തുണയുമാണ്‌. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ഇത്ര വലിയ കൈയടികള്‍ കിട്ടുമ്പോള്‍ വലിയ സന്തോഷം. സിനിമ തീയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പാണ്‌ ഇനി- സാധന ലക്ഷ്‌മി വെങ്കടേഷ്‌ പറഞ്ഞവസാനിപ്പിക്കുന്നു.

Interview with Sadhna Lakshmi Venkatesh iffi2018

Follow Us:
Download App:
  • android
  • ios