മോഹന്‍ലാല്‍ നായകനാകുന്ന നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലര്‍  ദിലീഷ് പോത്തന്‍ വില്ലന്‍ റോളില്‍ എത്തുന്ന സിനിമകൂടിയാണിത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിക്കുന്ന ചിത്രം

സി.വി.സിനിയ

സാജു തോമസ് എന്ന മാധ്യമപ്രവര്‍ത്തകന് സിനിമ എന്നും സ്വപ്നമായിരുന്നു. അതും ഒരു തിരക്കഥാകൃത്ത് ആവുകയെന്നത്. സിനിമാ ലോകത്ത് കാല്‍വയ്ക്കുന്നതിന് മുന്‍പ് തന്നെ ഒരു മഹാനടനെ മാത്രം മനസ്സില്‍ കണ്ടുകൊണ്ട് ആദ്യ തിരക്കഥയൊരുക്കുക. പിന്നീട് ആ നടന്‍ നോ പറഞ്ഞാല്‍ ആ തിരക്കഥ തന്നെ ഉപേക്ഷിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കുക. ഇങ്ങനെയൊക്കെ ഒരാള്‍ ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? അതുകൊണ്ട് തന്നെ ആ നടനോട് ചിത്രത്തിന്റെ കഥ പറയുന്നത് വരെ വെല്ലുവിളികളിലൂടെയായിരുന്നു സാജു നീങ്ങിയത്. ഒടുവില്‍ ആ നടന്‍ ചിത്രം ചെയ്യാമെന്ന് സമ്മതം മൂളിയതോടെ സാജുവിന് അത് സ്വപ്‌നസാക്ഷാത്കാരമായി. അങ്ങിനെ ഒരു പുതിയ ചിത്രം പിറന്നു. 'നീരാളി'. മോഹന്‍ലാല്‍ നായകനാകുന്ന അഡ്വഞ്ചര്‍ ത്രില്ലര്‍. ചിത്രത്തെ കുറിച്ചും ഒരു വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സാജു മനസ്സു തുറക്കുന്നു. 

ലാലേട്ടന്‍ നോ പറഞ്ഞിരുന്നെങ്കില്‍

 നീരാളി എന്ന സിനിമ ഒരു സ്വപ്‌നമായിരുന്നു. കഥയും കഥാപാത്രവുമെല്ലാം മോഹന്‍ലാല്‍ എന്ന വലിയ നടനെ കണ്ടുകൊണ്ട് തന്നെയാണ് എഴുതിയിരുന്നത്. ഒരുപക്ഷേ മോഹന്‍ലാല്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമയുമായി ഞങ്ങള്‍ മുന്നോട്ട് പോകാന്‍ സാധ്യതയില്ലായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്ന് പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ തന്നെ മനസ്സിലാകും. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ലാല്‍സാറിനെ കഥ കേള്‍പ്പിച്ചു. അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. അങ്ങനെ സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെ അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഹോളിവുഡ് സ്‌റ്റൈലില്‍ അഡ്വഞ്ചര്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് .ടി.കുരുവിളയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടന്‍ നാസര്‍ ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീലിഷ് പോത്തന്‍ വില്ലന്‍ റോളില്‍ എത്തുന്ന സിനിമ കൂടിയാണിത്.

പുലിമുരുകനെ വെല്ലുന്ന ഗ്രാഫിക്‌സ്

 മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും നീരാളി. ഇത് മികച്ച ചിത്രം തന്നെയായിരിക്കുമെന്നാണ് എന്റെ വിശ്വാസം. ഹോളിവുഡ് ചിത്രങ്ങളുമായി സാമ്യമുള്ളതാണിത്. എടുത്തു പറയേണ്ടത് ഇതിന്‍റെ ഗ്രാഫിക്‌സ് വര്‍ക്കുകളാണ്. നിലവില്‍ പുലി മുരുകനാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി ഗ്രാഫിക്സ് ചെയ്ത ചിത്രം. ഇതിനെ വെല്ലുന്ന രീതിയിലാണ് നീരാളിയില്‍ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്റര്‍ ആണ് ഇതിന്റെ പിന്നിലുള്ളത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ രത്‌നങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരാളായാണ് മോഹന്‍ലാല്‍. അത് അദ്ദേഹത്തിന്റെ ജോലി മാത്രമാണ്. 

നീരാളി എന്ന പേര് വന്ന വഴി

നീരാളി എന്ന പേര് സിംബോളിക് ആണ്. നീരാളിപ്പിടുത്തം എന്നൊക്കെ പറയില്ലേ? അങ്ങനെ ഒരു സംഭവം തന്നെയാണ് സിനിമ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈയൊരു പേരിലേക്ക് എത്തിയത്. പക്ഷേ സിനിമയുമായി ഇത് വളരെ ബന്ധപ്പെട്ട് കിടുക്കുന്നുണ്ട്.

അജോയ് വര്‍മ മലയാളത്തിലേക്ക്

ഞാനും അജോയ് വര്‍മയും തമ്മില്‍ ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. ഞങ്ങള്‍ക്കിടയില്‍ സിനിമയെന്നത് വലിയ സ്വപ്‌നമായിരുന്നു. അതും മോഹന്‍ലാല്‍ എന്ന നടനെ വച്ചുകൊണ്ടു തന്നെ ഒരു സിനിമ. അതൊരു സ്വപ്‌നം തന്നെയായിരുന്നു. അത് ഇത്രപെട്ടന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഒരു ഗ്രാഫ് നോക്കിയാല്‍ അത് മുകളിലേക്കാണ് പോകുന്നത് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ ഇത്ര പെട്ടെന്ന് ഡേറ്റ് കിട്ടുമെന്ന് കരുതിയില്ല. അജോയിയുടെ മൂന്നാമത്തെ സിനിമയാണിത്. എന്റെ ആദ്യ സിനിമയും. അജോയിക്ക് മലയാളത്തില്‍ എഴുതാനും വായിക്കാനുമൊന്നുമറിയില്ല. അദ്ദേഹം ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അതുകൊണ്ട് തന്നെ തിരക്കഥ വിവര്‍ത്തനം ചെയ്ത് നല്‍കുകയായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ഏഴുമാസം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അജോയിയുടെ വലിയ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അദ്ദേഹം ഒരു മികച്ച എഡിറ്ററായത് കൊണ്ട് തന്നെ എന്താണ് നമുക്ക് ആവശ്യമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ ഒരു ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എനിക്ക് തിരക്കഥ ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതും.

പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് സിനിമയിലേക്ക്

ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ മേഖലയിലുള്ളവരുമായി ഒത്തിരി ആളുകളുമായി സൗഹൃദമുക്കാന്‍ സാധിച്ചിരുന്നു. ആ പരിചയം തന്നെയാണ് എനിക്ക് സഹായകരമായതും. സിനിമ എന്നും എന്റെ സ്വപ്‌നമാണ്. സംവിധായകരായ ജോഷി സാര്‍,രാജീവ് അഞ്ചല്‍ എന്നിവരൊടൊക്കെ ഇടയ്ക്ക് സിനിമയെ കുറിച്ച് പറയുമായിരുന്നു. അതിന് വേണ്ടി ആദ്യത്തെ ഒരു സപ്പോര്‍ട്ട് തരുന്നത് രാജീവ് അഞ്ചലാണ്. അവര്‍ രണ്ടുപേരും പരിചയ സമ്പത്തുള്ളവര്‍ ആയതുകൊണ്ട് തന്നെ അവരുടെ നിര്‍ദേശങ്ങള്‍ എനിക്ക് വിലപ്പെട്ടതായിരുന്നു. ഹിന്ദിയില്‍ ഒരു സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. രാജീവ് അഞ്ചല്‍ വഴിയാണ് ഞാന്‍ അജോയിയെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണ് ഇന്ന് നീരാളിയില്‍ എത്തി നില്‍ക്കുന്നത്. ഇനിയും തികച്ചും വ്യത്യസ്തമായിട്ടുള്ള സിനിമകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. 

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നാദിയാ മൊയ്തുവും

നാദിയ മൊയ്തുവും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നതെന്ന പ്രത്യേക ഈ ചിത്രത്തിനുണ്ട്. നാദിയ എന്റെ കഥാപാത്രത്തിന് വളരെ യോജിച്ചതാണ്. അതുകൊണ്ട് തന്നെയാണ് അവരെ തന്നെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. മോളിക്കുട്ടിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തിന് വേണ്ടി എന്നും കണ്ട് ശീലിച്ച ഒരാളാവരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ നാദിയ തന്നെയാണ് നല്ലതെന്ന് തോന്നി. നാദിയയാണ് നായികയായിട്ട് വരുന്നതെന്നറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സാറിനും സന്തോഷമായിരുന്നു. ഇരുവരും തമ്മില്‍ ആശയവിനിമയം ഉണ്ടായിരുന്നുവെങ്കിലും സിനിമ ചെയ്യുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അത് നല്ലരീതില്‍ തന്നെ ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ബാംഗ്ലൂര്‍, ബോംബെ, മംഗോളിയ, വയനാട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 

മോഹന്‍ലാല്‍ എന്ന നടനെ മാത്രം സ്വപ്‌നം കണ്ടുകൊണ്ടെഴുതിയ തിരക്കഥയാണിത്. മലയാളികള്‍ ഇന്നുവരെ കാണാത്ത തരത്തിലുള്ള ചിത്രം. ആ സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും.