വിവാഹചടങ്ങുകള്‍ക്ക് കോലിയും അനുഷ്കയും ഒരുങ്ങുമ്പോള്‍ ചടങ്ങുകളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഏതാനും താരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ന‌ടക്കുന്ന ഇറ്റാലിയൻ വെഡ്ഡിങ് തീർത്തും സ്വകാര്യമായൊരു ചടങ്ങായിരിക്കുമെന്നാണ് സൂചനകള്‍. ആമിർ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ‌ തമ്പുരാൻ സച്ചിൻ ടെന്‍ഡുൽക്കറും യുവരാജ് സിങ്ങും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരങ്ങൾ. 

ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോർട്ട് വിവാഹ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത സുരക്ഷയിലുള്ള റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഡിസംബര്‍ പന്ത്രണ്ടിന് വിവാഹം നടക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്കയുടെ ബോളിവുഡ് അരങ്ങേറ്റ ദിനത്തോടുള്ള പ്രിയമാണ് ഈ തിയതി തിരഞ്ഞെടുക്കുന്നതിന് പിന്നിലെന്നാണ് സൂചന. ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നത്.

2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകർ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി. തുടർന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക.