അരങ്ങേറ്റ ചിത്രമായ 'ആദി'ക്ക്‌ ശേഷം പ്രണവ്‌ മോഹന്‍ലാല്‍ നായകനാവുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ല്‍ ഗോകുല്‍ സുരേഷും അഭിനയിക്കുന്നുവെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. പ്രണവും ഗോകുലും ഒത്തുള്ള ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കില്‍ കഴിഞ്ഞ നവംബറില്‍ ഗോകുല്‍ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍ക്ക്‌ സ്ഥിരീകരണം നല്‍കിയത്‌. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള പോസ്‌റ്ററും പുറത്തുവന്നിരിക്കുകയാണ്‌.

സ്‌ക്രീനില്‍ പ്രേക്ഷകര്‍ മുന്‍പ്‌ കണ്ടിട്ടുള്ള ഒരു സുരേഷ്‌ ഗോപി മാനറിസത്തിലാണ്‌ ഗോകുല്‍ സുരേഷിനെ സംവിധായകന്‍ പ്രണവിനൊപ്പം പോസ്‌റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കെ മധുവിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തുവന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രം 'ഇരുപതാം നൂറ്റാണ്ടു'മായി പേരില്‍ മാത്രം സാദൃശ്യമുള്ള ചിത്രമാണ്‌ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടെ'ന്ന്‌ സംവിധായകന്‍ പ്രോജക്ട്‌ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്റെ സാഗര്‍ എലിയാസ്‌ ജാക്കിക്കൊപ്പം സുരേഷ്‌ ഗോപിയ്‌ക്കും പ്രധാന കഥാപാത്രമുണ്ടായിരുന്നു. ശേഖരന്‍കുട്ടി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്‌.

പുലിമുരുകനും രാമലീലയും അടക്കമുള്ള ഹിറ്റുകള്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും നിര്‍മ്മാണം. ഒരു സര്‍ഫറിന്റെ റോളിലാണ്‌ പ്രണവ്‌ ചിത്രത്തിലെത്തുന്നത്‌. ബാലിയില്‍ പോയി ഒരു മാസത്തിലധികം സര്‍ഫിംഗ്‌ പിച്ച ശേഷമാണ്‌ പ്രണവ്‌ സിനിമയില്‍ ജോയിന്‍ ചെയ്‌തത്‌. പീറ്റര്‍ ഹെയ്‌നാണ്‌ ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.