പ്രേക്ഷകരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന ഈ ചോദ്യം അവതാരകനായ മോഹന്‍ലാല്‍ ശനിയാഴ്ച എപ്പിസോഡില്‍ മത്സരാര്‍ഥികളോട് തന്നെ ചോദിച്ചു. ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്ന ഒന്‍പത് പേരുടെ മറുപടി ഇങ്ങനെ

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ കാണുന്നത് ശരിക്കും 'റിയാലിറ്റി'യാണോ? അതോ ഒരു തിരക്കഥയെ മുന്‍നിര്‍ത്തിയാണോ ഷോ പുരോഗമിക്കുന്നത്? പ്രേക്ഷകരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന ഈ ചോദ്യം അവതാരകനായ മോഹന്‍ലാല്‍ ശനിയാഴ്ച എപ്പിസോഡില്‍ മത്സരാര്‍ഥികളോട് തന്നെ ചോദിച്ചു. ബിഗ് ബോസില്‍ അവശേഷിക്കുന്ന ഒന്‍പത് പേര്‍ ഈ ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്രകാരമാണ്.

ബിഗ് ബോസില്‍ തിരക്കഥയുണ്ടോ? മത്സരാര്‍ഥികളുടെ മറുപടി

അരിസ്റ്റോ സുരേഷ്- ഒരിക്കലുമല്ല. ഇവിടെ നടക്കുന്നതത്രയും സത്യമാണ്. 

സാബു- ഞാന്‍ കുറേ വര്‍ഷം ടെലിവിഷനില്‍ പ്രോഗ്രാം ചെയ്തിരുന്ന ആളാണ്. ഇവിടെ എത്തുന്നതിന് മുന്‍പ് ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറഞ്ഞു, കുറേയൊക്കെ അവര്‍ പറയുമെന്ന്. ഷോ രസകരമാവാന്‍ ചിലപ്പോള്‍ എന്തെങ്കിലും ഇടപെടല്‍ ഉണ്ടാവുമെന്ന് ഞാനും കരുതി. കുറേദിവസം കഴിഞ്ഞപ്പോഴാണ് മനസിലായത് ഇത് മനശാസ്ത്രപരമായ ഒരു പരീക്ഷണമാണെന്ന്. ഇതൊരു വല്ലാത്ത റിയാലിറ്റി ഷോയാണ്.

ബഷീര്‍- ഇവിടെ വരുന്നതിന് മുന്‍പ് എനിക്കും ഉണ്ടായിരുന്ന ഒരു സംശയമാണ് അത്. പക്ഷേ ഇപ്പോള്‍ പ്രേക്ഷകരോട് പറയാനുള്ളത് ഇതൊന്നും സ്ക്രിപ്റ്റ് അല്ല എന്നതാണ്. പുറത്തുനിന്നുള്ള ഒരാളുടെ മുഖം പോലും ഞങ്ങള്‍ കാണാറില്ല. സമയവും തീയ്യതിയും ഒന്നും ഞങ്ങള്‍ അറിയുന്നില്ല. 

ശ്രീനിഷ്- തമിഴ് ബിഗ് ബോസ് കാണുമ്പോള്‍ ഞാന്‍ വിചാരിച്ചു അത് സ്ക്രിപ്റ്റഡ് ആണെന്ന്. ഇവിടെ വന്നപ്പോഴാണ് ശരിക്കും റിയാലിറ്റി ആണെന്ന് മനസിലായത്. ഒരു തിരക്കഥ അനുസരിച്ച് പെരുമാറി സ്വയം ചീത്തപ്പേര് കേള്‍ക്കാന്‍ ആരും തയ്യാറാവില്ല. 

ഷിയാസ്- ഹിന്ദിയില്‍ കണ്ടപ്പോള്‍ വിചാരിച്ചു കൃത്യ സമയത്ത് ആഹാരമൊക്കെ കിട്ടും, ശരീരമൊക്കെ നോക്കാന്‍ പറ്റുമെന്ന്. ബിഗ് ബോസില്‍ പോയാല്‍ പാലും മുട്ടയുമൊക്കെ കിട്ടുമെന്ന് പലരും പറഞ്ഞു. പക്ഷേ ഇവിടെ വന്നപ്പോള്‍ ആരോഗ്യകാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. 

ഹിമ- ഞാന്‍ പുറത്തുപോയിട്ട് വന്ന ഒരാളാണല്ലോ. ഒരു സംശയവുമില്ല തിരക്കഥകളൊന്നുമില്ല ഇതിന് പിന്നില്‍.

അതിഥി- ഇവിടുത്തെ ഞങ്ങളുടെ ജീവിതമാണ് ഈ ഷോയിലെ റിയാലിറ്റി. 

പേളി- എനിക്ക് ആദ്യം വലിയ സംശയമുണ്ടായിരുന്നു. ഇവിടെ ഞങ്ങള്‍ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്ന് പറഞ്ഞുതരാന്‍ പോലും ആളില്ല. ഞങ്ങള്‍ക്ക് ആകെയുള്ള ആക്സസ് ലാലേട്ടന്‍ ആഴ്ചയുടെ അവസാനം വന്ന് സംസാരിക്കുന്നതാണ്. 

അര്‍ച്ചന- എനിക്കും മുന്‍പ് സംശയമുണ്ടായിരുന്നു ബിഗ് ബോസിന് പിന്നില്‍ തിരക്കഥയുണ്ടോ എന്ന്. പക്ഷേ ഇവിടെ വന്നപ്പോള്‍ അത് മാറി. പ്രേക്ഷകര്‍ കാണുന്നത് ഞങ്ങളുടെ ശരിക്കുമുള്ള വികാരങ്ങളാണ്. ഞങ്ങളുടെ അവസ്ഥ ഞങ്ങള്‍ക്കേ അറിയൂ. പറഞ്ഞുകൊടുക്കാന്‍ പറ്റില്ല.