ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. 52-ാം വയസ്സിലും താരത്തിന്റെ സ്‌റ്റൈല്‍ ആരാധകര്‍ക്ക് ആവേശമാണ്. എന്നാല്‍ ആരാധകര്‍ എന്നും ചോദിക്കുന്നത് എന്നാണ് സല്‍മാന്റെ വിവാഹം എന്നതാണ്. എപ്പോഴും ഈ ചോദ്യത്തിന് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന താരം എന്നാല്‍ ഇന്ന് ട്വിറ്ററില്‍ കുറിച്ച ഒറ്റവരി ട്വീറ്റ് ആരാധകരെ വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
ഞാന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നു എന്നാണ് സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചത്. ആശംസകളറിയിച്ച് ധാരാളം പേര്‍ കമന്റ് നല്‍കുമ്പോഴും ആരാണ് പെണ്‍കുട്ടിയെന്നും വിവാഹമാണോ താരം ഉദ്ദേശിച്ചതെന്നും അതോ ഇനി പുതിയ ചിത്രത്തിലേക്കുളള നായികയെ ആണോ സല്‍മാന്‍ ഉദ്ദേശിച്ചതെന്നുമെല്ലാമുള്ള സംശയമാണ് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.
സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ഭാരതിലേക്കുള്ള നായികയെ ആകാം കണ്ടെത്തിയതെന്ന് ചിലര്‍ പറയുന്നുണ്ട്. നിലവില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം റേസ് 3 യുടെ ഷൂട്ടിലാണ് താരം. ട്വീറ്റിന് പിന്നില്‍ എന്താണെന്ന് സല്‍മാന്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
