ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാനുള്ള നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരേ ഡബ്ല്യുസിസിക്കൊപ്പം ഒരുപറ്റം ചലച്ചിത്ര പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയര്‍പ്പിച്ച് നൂറ് ചലച്ചിത്രപ്രവര്‍ത്തകരാണ് ഏതാനും ദിവസംമുന്‍പ് സംയുക്ത പ്രസ്താവന ഇറക്കിയത്. താരസംഘടനയുടെ സ്ത്രീവിരുദ്ധ നാലപാടുകള്‍ക്കെതിരേ ആഞ്ഞടിച്ച പ്രസ്താവനയ്ക്ക് താഴെ 100 ചലച്ചിത്ര പ്രവര്‍ത്തകരാണ് ഒപ്പ് വച്ചിരുന്നത്. അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടന ആരംഭിക്കുന്നുവെന്നും രാജീവ് രവിയും  വിനായകനും ആഷിക് അബുവുമൊക്കെ അതിന്‍റെ നേതൃത്വത്തിലുണ്ടാവുമെന്നും ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പിന്നാലെ നടന്നു. അത്തരത്തില്‍ ഒരു ബദല്‍ സംഘടനയെക്കുറിച്ച് യഥാര്‍ഥത്തില്‍ ആലോചന നടക്കുന്നുണ്ടോ? രാജീവ് രവി പ്രതികരിക്കുന്നു.

"ഒരു പുതിയ സംഘടന ആരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ല. അത്തരത്തില്‍ പ്രചരിച്ചതൊക്കെ ഊഹാപോഹങ്ങളാണ്. ഞങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും അത്തരത്തിലൊരു പുതിയ സംഘടനയെക്കുറിച്ച് പറഞ്ഞിരുന്നില്ല. അതൊന്നും പെട്ടെന്ന് എടുക്കാവുന്ന തീരുമാനങ്ങളല്ല. കളക്‍ടീവ് ഫേസ് വണ്‍ എന്നത് സിനിമാ നിര്‍മ്മാതാക്കളുടെ ഒരു കൂട്ടായ്‍മയാണ്. നല്ല സിനിമകള്‍ പുറത്തെത്തിക്കുകയാണ് ആ കൂട്ടായ്‍മയുടെ ലക്ഷ്യം." അതേസമയം സിനിമാമേഖലയില്‍ ഒരു പുതിയ സംഘടനയുടെ ആവശ്യകതയുണ്ടെന്നും പറയുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവി.

"അമ്മയ്ക്കും ഫെഫ്‍കയ്ക്കുമൊക്കെ ബദലായി ഒരു പുതിയ സംഘടന വേണമെന്നതില്‍ ഒരു തര്‍ക്കവുമില്ല. സിനിമാപ്രവര്‍ത്തകരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും നിലവിലെ വിഷയങ്ങളില്‍ വ്യക്തതയുള്ള നിലപാടുകള്‍ കൈക്കൊള്ളുകയുമൊക്കെയാവണം അത്തരമൊരു സംഘടനയുടെ പ്രഖ്യാപിച ലക്ഷ്യം. ഇതൊക്കെ സര്‍ക്കാരിന്‍റെ സഹായത്തോടെയോ അത് കൂടാതെയോ നടത്താം. എന്നാല്‍ അത്തരമൊരു സംഘടന നിലവില്‍ വരേണ്ടത് വളരെ ആവശ്യമാണ്. കാരണം ഒരു സംഘടനയും ഒരേതരം വീഴ്‍ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു അധികാര ലോബിയാണ് ഇപ്പോള്‍ സിനിമാസംഘടനകളുടെ തലപ്പത്തുള്ളത്. അവരുടെ തീരുമാനങ്ങള്‍ അനുസരിക്കേണ്ടവരാണ് അവയിലെ അംഗങ്ങള്‍. മാറ്റംവരേണ്ട ആ മനോനിലയ്ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. മുഴുവന്‍ ലോകത്തും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മലയാളചലച്ചിത്ര ലോകത്തിനും അതിനെതിരേ മുഖംതിരിച്ച് നില്‍ക്കാനാവില്ല." രാജീവ് രവി പറഞ്ഞവസാനിപ്പിക്കുന്നു.