ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. എന്നാല്‍ ആരായിരിക്കും പുരൈച്ചി തലൈവിയുടെ പിന്‍ഗാമി എന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങളും തമിഴ്മാധ്യമങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുകയാണ്. അമ്മ സുഖപ്പെടുമോ അങ്ങിനെ സുഖപ്പെട്ടാലും എത്രനാളത്തെ വിശ്രമം ആവശ്യമാണ് എന്നൊക്കെയുള്ള തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. പിന്‍ഗാമിയായി തല അജിത് കുമാറിനെ ജയ തന്നെ പ്രഖ്യാപിക്കുമെന്ന വാര്‍ത്തയാണ് പുതിയ ഗോസിപ്പ്.

മുന്‍പ് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ രണ്ട് തവണയും വിശ്വസ്ഥനായ ഒ പനീര്‍ശെല്‍വത്തിന് തന്നെയാണ് സാധ്യത്. എങ്കിലും ഇത് താത്കാലികമായൊരു മാറ്റം മാത്രമായിരിക്കും. 

ഇതിനിടയിലാണ് പാര്‍ട്ടി അധ്യക്ഷനായി തമിഴ് യുവ സൂപ്പര്‍താരം അജിത്തിനെയാണ് ജയലളിത നിര്‍ദേശിച്ചിട്ടുള്ളതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിനാല്‍ തല്‍ക്കാലം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ നടന്‍ അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ജയലളിതയുമായി അടുത്ത ബന്ധമുള്ള അജിത് ഇത് ഏറ്റെടുക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. എന്നാല്‍ അമ്മയ്ക്ക് ശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാകില്ല. ജയലളിതയ്ക്ക് ശേഷം തോഴി ശശികലയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്ഥാനം ഉണ്ടാകില്ലെന്ന ഭയം അവരെ വല്ലാതെ ബാധിച്ചതായും വാര്‍ത്തകളുണ്ട്. 

എന്നാല്‍ അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള രേഖാപത്രം അനുയായികളെ ഏല്‍പ്പിച്ചതായുമുള്ള വാര്‍ത്തകളും ഉണ്ട്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത് കുമാര്‍. മുന്‍ ചീഫ് സെക്രട്ടറിയും ജയലളിതയുടെ വിശ്വസ്ഥയുമായ ഷീലാ ബാലകൃഷ്ണനില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ സ്വീകരിക്കുന്നത്.