ജയം രവിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ അടങ്ക മറുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമായി ജയം രവി എത്തിയ അടങ്ക മറു സൂപ്പര്‍ ഹിറ്റാകുകയാണ്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജയം രവി.

നല്ല ഘട്ടത്തിലൂടെ പോകുകയും എന്നെ കുറിച്ച് നല്ലത് പറയുകയും ചെയ്യുന്നതില്‍ സന്തോഷവാനാണ്. സംവിധായകരായ ശക്തി സൌന്ദര്‍ രാജൻ (ടിക് ടിക് ടാക്), കാര്‍ത്തിക് തങ്കവേല്‍ (അടങ്ക മറു) എന്നിവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് ഞാൻ ആദ്യം നന്ദി പറയുന്നത്. രാജ്യത്തെ ഏത് സൂപ്പര്‍സ്റ്റാറും ആഗ്രഹിക്കുന്ന സിനിമകളാണ് അത്. അവര്‍ എന്നെ നായകനാക്കിയതില്‍ നന്ദി. സിനിമകളുടെ വിജയം വലിയ ഉത്തരവാദിത്തം കൂടിയാണ്. അടുത്ത സിനിമയും മികച്ചതായിരിക്കണമെല്ലോ ജയം രവി പറയുന്നു.

ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറായിട്ടാണ് 'അടങ്ക മറു' ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. റാഷി ഖന്നയാണ് നായിക.പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.