മൂന്ന് ദേശീയ പുരസ്കാരങ്ങളും രണ്ട് സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്രം
മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഭയാനകത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവല്‍ കയറിലെ രണ്ട് അധ്യായങ്ങളെ ആസ്പദമാക്കിയാണ് സിനിമ. രണ്ടാംലോക മഹായുദ്ധകാലത്തെ കുട്ടനാടാണ് പശ്ചാത്തലം. രണ്‍ജി പണിക്കര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആശ ശരത്ത്, മോളി കണ്ണമാലി തുടങ്ങിവരൊക്കെ അഭിനയിക്കുന്നുണ്ട്.
ഒരു പോസ്റ്റ്‍മാന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍. സൈനികരുടെ മണിയോര്‍ഡറുകള്‍ വിതരണം ചെയ്തിരുന്ന പോസ്റ്റ്‍മാനില്‍ നിന്ന് യുദ്ധകാലമായതോടെ നാട്ടുകാര്‍ക്ക് ലഭിക്കുന്നത് അവരുടെ മരണ വാര്‍ത്തകളാണ്. ഒട്ടേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചുവെങ്കിലും അഭിനേതാവ് എന്ന നിലയില്‍ ഇത് രണ്‍ജിയുടെ കരിയറിലെ വഴിത്തിരിവാകുമെന്ന് ട്രെയ്‍ലര്‍ പ്രതീക്ഷ നല്‍കുന്നു.
പ്രകൃതി പിക്‍ചേഴ്‍സിന്‍റെ ബാനറില്‍ സുരേഷ്‍കുമാര്‍ മുട്ടത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതവിഭാഗം എം.കെ.അര്‍ജുനന്‍ മാസ്റ്ററാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണം. വൈകാതെ തീയേറ്ററുകളിലെത്തും.

