കൊച്ചി: ആര്‍ത്തവം അശ്ലീലമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ പാഡ് മാന്‍ ചലഞ്ചിന് പിന്തുണയുമായി മലയാള സിനിമ താരം ജയസൂര്യയും. സാനിറ്റിറി പാഡ് കയ്യില്‍ വച്ചുകൊണ്ടുള്ള ചിത്രം ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
ആര്‍ത്തവ ശുചിത്വത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദത്തിന്റെ കഥ പറയുന്ന ചിത്രമായ അക്ഷയ് നായകനാകുന്ന പാഡ്മാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് പാഡ്മാന്‍ ചലഞ്ച് ആരംഭിച്ചത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഈ ചലഞ്ച് ഇന്ത്യയൊട്ടാകെ ഏറ്റെടുത്തു. ചിത്രം ഗംഭീരമാണെന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ജയസൂര്യ കുറിച്ചത്.
ചിത്രത്തിലെ നായകന്‍ അക്ഷയ്കുമാറാണ് പാഡ്മാന്‍ ചലഞ്ചിന് തുടക്കമിട്ടത്. ആര്‍ത്തവം ഒരിക്കലും നാണക്കേടല്ല, ഞാനിതാ ചലഞ്ച് ചെയ്യുന്നു. വിരാട് കോഹ്‌ലിയെയും ദീപിക പദുക്കോണിനെയും ആലിയ ഭട്ടിനെയും. ഇത് നിങ്ങള്‍ സോഷ്യല്‍മീഡിയയിലെ സുഹൃത്തുക്കളെ വെല്ലുവിളിച്ച് പേസ്റ്റ് ചെയ്യൂ എന്നായിരുന്നു അക്ഷയ് കുമാറിന്റെ വെല്ലുവിളി. ദീപികയും അമീര്‍ഖാനുമടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ചലഞ്ചിന്‍റെ ഭാഗമായി.
