കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് ആശംസകളുമായി ജയസൂര്യയും
കൊച്ചി:ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന കൊച്ചി മെട്രോയ്ക്ക് ആശംസകൾ നേരാൻ കൊച്ചിക്കാരനായ നടൻ ജയസൂര്യയെത്തി.മെട്രോയിലെ ട്രാൻസ്ജെൻഡർ ജീവനക്കാർക്കൊപ്പം യാത്ര ചെയ്താണ് ജയസൂര്യ മെട്രോ ആഘോഷത്തിന്റെ ഭാഗമായത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടി. മേരിക്കുട്ടിയുടെ ഹാങ് ഓവർ വിട്ട് മാറിയിട്ടില്ല ജയസൂര്യക്ക്. കൊച്ചി മെട്രോയുടെ ജീവനക്കാരായി ട്രാൻസ്ജെൻഡറുകളുടെ അഭിമാനം ഉയർത്തിയ മേരിക്കുട്ടിമാരെപ്പറ്റി അറിയാനാണ് ജയസൂര്യ എത്തിയത്.
ലയ,സുൾഫി എന്നീ ട്രാൻസ് ജീവനക്കാർക്കൊപ്പം ഇടപ്പള്ളിയിൽ നിന്ന് മഹാരാജസ് വരെയായിരുന്നു മെട്രോ യാത്ര. ഒപ്പം ചിത്രത്തിന്‍റെ സംവിധായകൻ രഞ്ജിത്ത് ശങ്കറുമുണ്ടായിരുന്നു. മെട്രോയിലെത്തിയ ട്രാൻസ് ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിനിടെയിലും ഇത്തരം പിന്തുണകൾ വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് ലയയും,സുൾഫിയും പറഞ്ഞു.
