കംഗാരുവില്‍ ആദ്യം നായകന്‍ താനായിരുന്നുവെന്ന് ജയസൂര്യ. വില്ലന്‍ വേഷം ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.

കംഗാരുവിലെ നായകവേഷം ചെയ്‍തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ തന്നെ പറയുന്നത്, വില്ലന്‍ വേഷം ചെയ്‍താലോ എന്ന്. വര്‍ക്ക് ചെയ്‍ത് നോക്കിയപ്പോള്‍ വില്ലന്‍ ഭയങ്കര രസമുണ്ട്. വില്ലനായി ആരെങ്കിലും പുതിയ ആളെ പ്ലാന്‍ ചെയ്യാം എന്നു പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വില്ലന്‍ വേഷം ചെയ്യാം എന്നു പറയുകയായിരുന്നു. നായകനായിട്ട് പൃഥ്വിരാജ് ചെയ്‍താല്‍ നല്ലതായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ പൃഥ്വിരാജിനെ വിളിച്ചുപറഞ്ഞു, ഒന്നു കേട്ടുനോക്കൂ, ഒരു ഐറ്റം ഉണ്ട് അതില്‍, ഓകെ ആണെങ്കില്‍ ചെയ്യാം എന്ന്. പൃഥ്വിരാജ് കഥ കേട്ടപ്പോള്‍ പറഞ്ഞു സിനിമ ചെയ്യാം എന്നും പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജ് നായകനാകുന്നതും ഞാന്‍ ആ സിനിമയില്‍ വില്ലനാകുന്നതും. അതില്‍ ആദ്യത്തെ ഭാഗത്ത് ഒക്കെ ജയസൂര്യ ഉണ്ട്. പക്ഷേ ആ കഥാപാത്രത്തിന്റെ അതിനുശേഷമുള്ള ഒരു മാറ്റമുണ്ടല്ലോ? അതിലാണ് ഞാന്‍ അയാളായി മാറിയെന്ന് എനിക്ക് തോന്നിയത്. അഭിനയിക്കുമ്പോഴും കാണുമ്പോഴും ഡബ് ചെയ്യുമ്പോഴുമൊക്കെ എനിക്ക് അനുഭവപ്പെട്ടത്. ആ സിനിമ മുതലാണ് ഞാന്‍‌ സിനിമയെ സീരിയസ് ആയി കണ്ടുതുടങ്ങിയത്. പക്ഷേ പിന്നീടും എക്സൈറ്റ്മെന്റ് കൊണ്ട് പല സിനിമകളും ചെയ്‍തിട്ടുണ്ട്. സംവിധായകരെ കണ്ടിട്ടൊക്കെ ഞാന്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ അത് ഒന്നും എന്റെ അബദ്ധമാണെന്ന് ഞാന്‍ പറയില്ല. അതൊക്കെ എന്റെ തിരിച്ചറിവായിരുന്നു- ജയൂസൂര്യ പറയുന്നു.