കൊച്ചി: താൻ പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ പറഞ്ഞ് ജയസൂര്യ. ഹിറ്റായി തിയറ്ററുകളില്‍ ഓടുന്ന ആട് 2 വിന്‍റെ ഷൂട്ടിങ്ങിനിടെ നടന്ന സംഭവമാണ് താരം ഇപ്പോൾ തുറന്നു പറഞ്ഞത്. ഒരു വനിത മാഗസിന് അഭിമുഖത്തിലാണ് ഈ കൗതുകകരമായ സംഭവത്തെ പറ്റി ജയസൂര്യ പറയുന്നത്. ഒരു തമാശ ഒപ്പിച്ചു കളി കാര്യമായ സംഭവമാണിതെന്നും താരം പറയുന്നു. 

ആട്2 ഷൂട്ടിങ്ങിനായി വാഗമണ്ണിലേക്ക് പോകും വഴി ആണ് സംഭവം. വണ്ടി ഇടയ്ക്കു നിർത്തിയപ്പോൾ അവിടെ കണ്ട ഒരു കുട്ടിയെ വിരട്ടാനായി താമശയ്ക്ക് പറഞ്ഞു പൃഥ്വിരാജിനെ കൊല്ലാൻ പോകുകയാണ് എന്ന്. അവൻ ആകെ പേടിച്ചു പോയി. അവന്‍റെ ആകാംക്ഷ കൂട്ടാനായി പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. 

അവസാനം പഞ്ച് കൂട്ടി എന്താ പൃഥ്വിരാജിനെ കൊല്ലണോ എന്ന ഒരൊറ്റ ചോദ്യം. വേണ്ട എന്നവൻ പറഞ്ഞു.. ശരി നീ പറഞ്ഞത് കൊണ്ട് കൊല്ലുന്നില്ല എന്നിത്തിരി കനത്തിൽ പറഞ്ഞു അവിടെ നിന്ന് പൊന്നു. പിന്നിൽ പേടിച്ചു നിൽക്കുന്ന പയ്യനെ കാണാമായിരുന്നു. ആ സംഭവം ഒരു തമാശ ആയി അവിടെ തീർന്നു എന്ന് കരുതിയപ്പോളാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവമുണ്ടായത്. 

അവിടെ നിന്നും കുറെ കിലോമീറ്ററുകൾക്കപ്പുറം ആണ് ഷൂട്ട്. ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ലൊക്കേഷനിലേക്ക് ഒരു സംഘം വന്നു. വണ്ടിയിൽ പന്ത്രണ്ടു പേരടങ്ങിയ അപരിചിതരായ ആൾക്കാരുടെ സംഘമാണ് വന്നത്. കൂടെ ആ പയ്യനുമുണ്ട്. ഞാൻ പറഞ്ഞത് സത്യമാണോ എന്നറിയാൻ വന്നതാണ്. അവൻ കുറെ നാട്ടുകാരോട് പറഞ്ഞു അവരൊക്കെ ഓടി വരികയായിരുന്നു. അപ്പോളാണ് സംഭവം കൈവിട്ടെന്നു മനസിലായത്. ഉടൻ തന്നെ താൻ പൃഥ്വിയെ വിളിച്ചു കാര്യം പറഞ്ഞെന്നും ജയസൂര്യ പറഞ്ഞു