Asianet News MalayalamAsianet News Malayalam

'തല വെട്ടി ഒട്ടിച്ചതല്ല, പള്‍പ് ഫിക്ഷനല്ല ജീംബൂംബാ'; സംവിധായകന്‍ പറയുന്നു

"ഫോട്ടോഷോപ്പില്‍ തല വെട്ടി വച്ച പോസ്റ്റര്‍ എന്നാണ് ഏറ്റവുമധികം വിമര്‍ശനം കേട്ടത്. പക്ഷേ അങ്ങനെയല്ല അത് ചെയ്തിരിക്കുന്നത്.."

Jeem Boom Bhaa is not pulp fiction says director
Author
Thiruvananthapuram, First Published Sep 18, 2018, 5:14 PM IST

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് നവാഗതനായ രാഹുല്‍ രാമചന്ദ്രന്റെ ജീംബൂംബാ. ക്വെന്റിന്‍ ടരന്റിനോയുടെ വിഖ്യാത ചിത്രം പള്‍പ് ഫിക്ഷന്റെ പോസ്റ്ററിന്റെ മാതൃകയില്‍ ചെയ്തിരിക്കുന്ന ഡിസൈന്‍ പെട്ടെന്ന് ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. പള്‍പ് ഫിക്ഷന്‍ പോസ്റ്ററിലെ ജോണ്‍ ട്രവോള്‍ട്ടയുടെയും സാമുവല്‍ എല്‍ ജാക്‌സന്റെയും സ്ഥാനത്ത് ബൈജുവും അസ്‌കര്‍ അലിയുമായിരുന്നു ജീംബൂംബാ പോസ്റ്ററില്‍. തല വെട്ടി ഒട്ടിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു ആക്ഷേപം. എന്നാല്‍ ഒരു സ്പൂഫ് പോസ്റ്റര്‍ ആണ് ഉദ്ദേശിച്ചതെന്നും ഡിജിറ്റല്‍ പെയിന്റിംഗ് ആണ് അതെന്നും പറയുന്നു ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്. ജീംബൂംബാ എന്ന തന്റെ ആദ്യ ചിത്രത്തിന് ടരന്റിനോയുടെ പള്‍പ് ഫിക്ഷനുമായി ബന്ധമൊന്നുമില്ലെന്നും.

ഫസ്റ്റ് ലുക്ക് വന്ന വഴി

'സിനിമയ്ക്ക് പള്‍പ് ഫിക്ഷനുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ജീംബൂംബായുടെ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തില്‍ ഒരു ദിവസം രാത്രി പള്‍പ് ഫിക്ഷന്‍ വീണ്ടും ഇരുന്ന് കാണാന്‍ ഇടയായി. പല ചര്‍ച്ചകളും തുടര്‍ന്ന് വന്നു. എന്തുകൊണ്ട് മലയാളത്തില്‍ ഒരു സ്പൂഫ് ചെയ്തുകൂടാ? ഹോളിവുഡ് സിനിമകളുടെ മാതൃകയെടുത്ത്, അല്ലെങ്കില്‍ 'തമിഴ്പട'ത്തിന്റെയൊക്കെ മാതൃകയില്‍ ഒരു സിനിമ.. അടുത്ത സിനിമ ഒരു സ്പൂഫ് ആയാലോ എന്നും ആലോചന വന്നു. ഡിസൈനര്‍ പവി ശങ്കറും അപ്പോള്‍ കൂടെയുണ്ടായിരുന്നു. പള്‍പ് ഫിക്ഷന്‍ പോസ്റ്ററിന്റെ മാതൃകയില്‍ നമ്മുടെ സിനിമയ്ക്ക് ഒരു സ്പൂഫ് പോസ്റ്റര്‍ ചെയ്താലോ എന്ന് പവിയോട് ചോദിക്കുകയായിരുന്നു. ഫോട്ടോഷൂട്ട് നടത്തി ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ 28 ദിവസത്തെ ഷൂട്ടിനിടയ്ക്ക് ബൈജുച്ചേട്ടനെയും അസ്‌കറിനെയും വച്ച് അത്തരത്തില്‍ ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. 

 

ഫോട്ടോഷോപ്പില്‍ തല വെട്ടി വച്ച പോസ്റ്റര്‍ എന്നാണ് ഏറ്റവുമധികം വിമര്‍ശനം കേട്ടത്. പക്ഷേ അങ്ങനെയല്ല അത് ചെയ്തിരിക്കുന്നത്. മറിച്ച് ഒരു ഡിജിറ്റല്‍ പെയിന്റിംഗ് ആണത്. മുഴുവനായും പവി ശങ്കര്‍ വരച്ചിരിക്കുകയാണ്. ബൈജുച്ചേന്റെയും അസ്‌കറിന്റെയും ആ ആംഗിളിലുള്ള ഒരു സ്റ്റില്ലും ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നില്ല. അസ്‌കര്‍ അലിയുടെ മുഖത്ത് എക്‌സ്പ്രഷന്‍ ഇല്ല എന്നൊക്കെ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനമുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഫോട്ടോ അല്ല, പെയിന്റിംഗ് ആണ്..'

സ്പൂഫിന്റെ അംശങ്ങളുള്ള ഒരു കോമഡി ക്രൈം ത്രില്ലര്‍ ആണ് ചിത്രമെന്ന് പറയുന്നു രാഹുല്‍ രാമചന്ദ്രന്‍. സ്പൂഫ് ആണോ എന്ന് ചോദിച്ചാല്‍ ആണ്. എന്നാല്‍ പക്കാ സ്പൂഫ് അല്ല. ഇന്‍ ഹരിഹര്‍ നഗറുമായി എവിടെയോ ഒരു ബന്ധം കിടപ്പുണ്ട്. ഡെല്ലി ബെല്ലിയുമായി എവിടെയോ ഒരു ബന്ധമുണ്ട്. ഒരു ന്യൂഇയര്‍ രാത്രി നടക്കുന്ന കഥയാണ്. അഞ്ജു കുര്യന്‍, നേഹ സക്‌സേന, തീവണ്ടിയിലെ സഫറിനെ അവതരിപ്പിച്ച അനീഷ് ഗോപാല്‍, രാഹുല്‍ ആര്‍ നായര്‍, ബൈജുച്ചേട്ടന്‍ തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം വരുന്ന മറ്റൊരു സ്പൂഫ് പോസ്റ്റര്‍ ചെയ്യാനുള്ള ആലോചനയിലാണെന്നും പറയുന്നു രാഹുല്‍. എഡിറ്റിംഗ് പുരോഗമിക്കുന്ന ചിത്രം 2019 ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും. തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ചിത്രീകരണം.

Follow Us:
Download App:
  • android
  • ios