എന്താണ് ഇനി ജോർജ് കുട്ടിയ്ക്കും കുംടുംബത്തിനും സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുയാണ് മലയാളികൾ.
ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും കഥാപരിസരവും പ്രേക്ഷകരുടെ മനസിലങ്ങനെ നിൽക്കും. അത്തരത്തിൽ വരുന്ന സിനിമകളുടെ തുടർഭാഗങ്ങൾക്കായും അവർ കാത്തിരിക്കും. അത്തരമൊരു സിനിമയായിരുന്നു ജീത്തു ജോസഫിന്റെ ദൃശ്യം. ജോർജു കുട്ടിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി മാറി. പിന്നാലെ വന്ന രണ്ടാം ഭാഗവും പ്രതീക്ഷയ്ക്കും മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. നിലവിൽ ദൃശ്യം 3 വരാനൊരുങ്ങുകയാണ്.
എന്താണ് ഇനി ജോർജ് കുട്ടിയ്ക്കും കുംടുംബത്തിനും സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുയാണ് മലയാളികൾ. ഈ അവസരത്തിൽ അടുത്തൊരു അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങൾ ചർച്ചയാക്കിയിരിക്കുകയാണ് സിനിമാസ്വാദകർ. ജോർജ് കുട്ടിയുടെ ഇളയ മകൾ ഒറ്റുകാരിയാകുമോ എന്നും ജോർജ് കുട്ടി തന്നെ കുറ്റ സമ്മതം നടത്തുമോ എന്നെല്ലാമാണ് ഇവർ ചോദിക്കുന്നത്.
ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:"മൂന്നാം ഭാഗം വരുമ്പോൾ മൂത്ത മകളും ഇളയ മകളും തമ്മിൽ വ്യത്യാസം ചിലപ്പോൾ ഉണ്ടാകാം. കാലവും പ്രായവും മാറുന്നതിനനുസരിച്ച് അവർക്ക് മാറ്റങ്ങൾ സംഭവിക്കും. ആ മാറ്റങ്ങൾ ഉണ്ടാകുമ്പോഴുള്ള പ്രശ്നങ്ങൾ എന്താണ്? കാഴ്ചപ്പാടുകൾ മാറുന്നു. പ്രത്യേകിച്ച് മക്കളിൽ. അങ്ങനെയൊക്കെ ഉള്ള കാര്യങ്ങളാണ് മൂന്നാം ഭാഗത്തിൽ ഞാൻ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ആരെയും മനഃപൂർവ്വം ദ്രോഹിക്കുന്ന ആളല്ല ജോർജ് കുട്ടി. നാളെ ചിലപ്പോൾ പുള്ളി എങ്ങനാന്ന് പറയാൻ പറ്റില്ല. മനുഷ്യനാണ് മാറും. പ്രായം മാറുന്നതിനനുസരിച്ച് നമ്മുടെ ചിന്താഗതികൾ മാറാം. അതും സംഭവിക്കാം. അതുകൊണ്ട് ജോർജ് കുട്ടിക്കുണ്ടാകുന്ന മാറ്റം ഏത് രീതിയിലാണെന്ന് എനിക്ക് ഇപ്പോൾ പറയാൻ പറ്റില്ല". ഈ വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
ദൃശ്യം 3യിൽ ലാഗ് ഉണ്ടെന്നും ജീത്തു പറയുന്നുണ്ട്. 'സിനിമയ്ക്ക് ലാഗ് വേണം. ഒരു വേൾഡ് ബിൽഡ് ചെയ്ത് എടുക്കാൻ കുറച്ച് സമയം വേണം. ഇതെന്റെ ചിന്തയാണ്", എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു ജീത്തുവിന്റെ പ്രതികരണം. എന്തായാലും ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രത്തിൽ എല്ലാം കലങ്ങി തെളിയും എന്ന് ഉറപ്പാണ്.



