Asianet News MalayalamAsianet News Malayalam

ജിയാ ഖാന്റെ മരണം ആത്മഹത്യതന്നെയെന്ന് സിബിഐ

Jiah Khan wasn't murdered, CBI tells high court
Author
Mumbai, First Published Aug 2, 2016, 10:49 AM IST

നടി ജിയാ ഖാന്റെ മരണം ആത്മഹത്യതന്നെയെന്ന് സിബിഐ ബോംബെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മകളെ കാമുകൻ സൂരജ് പഞ്ചോളി കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ജിയയുടെ അമ്മയുടെ പരാതിയിലായിരുന്നു സിബിഐ കേസന്വേഷിച്ചത്.

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ  മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള അത്മഹത്യ കുറിപ്പും അവിടെ നിന്നു കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി  ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസറ്റും ചെയ്തു.  ജിയ ആത്മഹത്യ ചെയ്തതാണെന്ന് മുംബൈ പൊലീസ് അന്വേഷണത്തിൽനിന്നു വ്യക്തമായെങ്കിലും കാമുകൻ കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. കേസന്വേഷിച്ച സിബിഐ ജിയാഖാന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കി. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍സിംഗാണ് ഇക്കാര്യം മുംബൈ ഹൈക്കോടതിയെ അറിയിച്ചത്. ജിയാ ഖാന്റെ അമ്മ റാബിയ ഖാന്‍ സൂരജ് പഞ്ചോളിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അനില്‍ സിംഗ് കോടതിയെ അറിയിച്ചു. സിബിഐയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടോടെ ജാമ്യത്തിൽ കഴിയുന്ന സൂരജ് പഞ്ചോളികുറ്റവിമുക്തനാവും.

സിബിഐ നിലപാടിനെതിരെ ജിയാഖാന്റെ അമ്മ റാബിയ ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ലണ്ടനില്‍ 1988 ഫെബ്രുവരി 20ന് ആയിരുന്നു ജിയയുടെ ജനനം. ബോളിവുഡ് നടിയായിരുന്ന റാബിയയുടെ മകളായ ജിയ പതിനെട്ടാം വയസ്സില്‍ വെള്ളിത്തിരയില്‍ അരങ്ങേറി. നഫീസ എന്ന ജിയയുടെ അരങ്ങേറ്റം സ്വപ്നതുല്യമായിരുന്നു. അമിതാഭ് ബച്ചനെ പ്രധാനകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ നിശബ്‍ദില്‍ ആയിരുന്നു ആദ്യമായി ജിയ വേഷമിട്ടത്. ഒരു ഗാനവും ചിത്രത്തിനായി ജിയ ആലപിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ജിയയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു.

നിശബ്‍ദിനു ശേഷം, ആമിര്‍ ഖാന്‍ നായകനായ ഗജിനിയിലും ജിയ വേഷമിട്ടു. 2010ല്‍ അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ ഹൗസ് ഫുള്‍ ആയിരുന്നു അവസാന ചിത്രം. ബോളിവുഡില്‍ ഏറെ പ്രതീക്ഷ നല്‍കിയ നടിയായിരിക്കെയാണ് ജിയ ജീവിതം അവസാനിപ്പിച്ചത്. ഇരുപത്തിയഞ്ചാം വയസ്സില്‍.

ജൂണ്‍ മൂന്നിന്, മുംബൈയിലെ സ്വന്തം വസതിയില്‍  ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ജിയയെ കണ്ടെത്തിയത്. ജിയയുടെ മരണവാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു ബോളിവുഡ് കേട്ടത്.  ജൂണ്‍ ഏഴിന് ആറു പേജുള്ള ഒരു ആത്മഹത്യ കുറിപ്പ് ജിയയുടെ സഹോദരി കണ്ടെത്തി.

ജിയയുടെ മരണം ബോളിവുഡില്‍ വിവാദങ്ങള്‍ക്കും കാരണമായി. ജിയയുമായി പ്രണയബന്ധം ഉണ്ടായിരുന്ന സൂരാജ് പാഞ്ചോളിയെ നടിയുടെ മരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 10ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ രണ്ടിന് സൂരജ് പഞ്ചോളിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി.

 

Follow Us:
Download App:
  • android
  • ios