ദേശീയ അവാര്‍ഡ് പലപ്പോഴും വിമര്‍ശനത്തിലേക്കും വിവാദത്തിലേക്കുമാണ് ചെന്നെത്താറ്. എന്നാല്‍ അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണോ ഇത് നല്‍കുന്നതെന്ന് പലപ്പോഴും ചിന്തിക്കാതെയാണ് വിമര്‍ശനം ഉന്നയിക്കാറുള്ളത്. ഇത്തരം വിമര്‍ശനങ്ങളുടെ അവസാന ഇരയാണ് ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി.

വിമര്‍ശകര്‍ക്കുള്ള മറുപടിയുമായാണ് സുരഭിക്ക് പുരസ്‌കാരം നേടികൊടുത്ത മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്. സുരഭിയുടെ മിന്നുന്ന അഭിനയത്തിന് സപ്പോര്‍ട്ടുമായി പൃഥിരാജിനും സുരാജ് വെഞ്ഞാറമൂടിനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്‍ ജിബു ജേക്കബ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് പ്രതികരിച്ചത്. 

ജിബു ജേക്കബ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..

അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ മിക്കപ്പോഴും സൗഹൃദ സദസ്സുകളില്‍ വലിയ വിമര്‍ശനങ്ങളും ചേരിതിരിഞ്ഞുള്ള വാക്കു തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും സംസ്ഥാന, ദേശീയ, പത്മ പുരസ്‌കാരങ്ങള്‍ കടന്ന് പോവുമ്പോള്‍ അര്‍ഹതയുള്ളവര്‍ നോക്കി കുത്തികളാവാറുണ്ട്.

ദാ... വീണ്ടും അവാര്‍ഡ് പ്രഖ്യാപിക്കുന്നു... ദേശീയ അവാര്‍ഡ് 'സുരഭിക്ക് പോരെ പൂരം ...

സുരഭിയോ...? ആ കോമഡി പ്രോഗ്രാമിലെ കോഴിക്കോടന്‍ ഭാഷക്കാരി?... കേന്ദ്രത്തില്‍ എന്തെങ്കിലും പിടിപാടുണ്ടാകും...? ഇതിലും ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ട്രയിന്‍ കയറി വന്നു... എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ചിത്രം തിയേറ്ററുകളിലെത്തി.... വിമര്‍ശകരായ ഏതാനും ചിലരോടൊപ്പം ഞാനും. 

ശാരദ മുതല്‍ ശോഭന വരെ ദേശീയ പുരസ്‌കാരങ്ങള്‍ നേടുമ്പോള്‍ അതിന്റെ പിന്നില്‍ പ്രഗത്ഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ടനിര തന്നെ ഉണ്ടായിരുന്നു. ഇവിടെയാണ് സുരഭി അവരെയും വിമര്‍ശകരെയും നിഷ്പ്രഭമാക്കുന്നത്... ഒരു പ്രഗത്ഭരായ സംവിധായകനോ ഛായഗ്രാഹകനോ ഒന്നും ഇല്ലാതെ എന്തിനേറെ പറയുന്നു ശക്തമായ സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് പോലുമില്ലാതെ ഒരു പക്ഷേ കഥയും സിനിമയും മറന്ന് ജീവിക്കുകയായിരുന്നു സുരഭിയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിബു പറഞ്ഞു. അത്രമാത്രം തന്‍മയത്വത്തോടെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ദേശീയ അംഗീകാരം പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. 

 ഒരല്‍പ്പം അഹങ്കാരത്തില്‍ 'മലയാളി' എന്ന നിലയില്‍ വിമര്‍ശകരോടും പ്രേക്ഷകരോടും സിനിമാ പ്രവര്‍ത്തകരോടും ഇതാ ഒരഭിനേത്രി സുരഭിലക്ഷ്മി മലയാള സിനിമയ്ക്ക് മിന്നാമിനുങ്ങല്ല കാട്ടു തീയാണെന്ന്... ഈ സിനിമ തിയേറ്ററുകളിരുന്നാണ് കാണേണ്ടതാണെന്നും അദ്ദേ്ഹം പറഞ്ഞു. ഈ വലിയ കലാകാരിയേയും അണിയറ പ്രവര്‍ത്തകരെയും നിറഞ്ഞ കൈയ്യടിയോടെ പ്രോത്സാഹിപ്പിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും മുന്നോട്ടു വരണമെന്നും തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പറയുന്നു.