രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനത്തിന് പിന്തുണയുമായി ജിഗ്‌നേഷ് മേവാനി. വാലന്‍റൈന്‍സ് ഡേയ്ക്കെതിരായ ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ഈ പാട്ട് വൈറലാക്കിയതോടെ വെറുക്കാനല്ല, സ്‌നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാലന്‍റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന മേവാനി ഒരു അഡാര്‍ ലവിലെ വൈറലായ ഗാനം ഷെയര്‍ ചെയ്യുകയും ചെയ്തു.

Scroll to load tweet…

അതേസമയം ഈ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി. 

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്. പി.എം.എ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ ഗാനം ഷാന്‍-വിനീത് ടീം പുതിയ ഈണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.