സുഡാനി ഫ്രം നൈജീരിയ വിവാദം: ഇനി അഭിപ്രായം പറയില്ലെന്ന് ജിനു ജോസഫ്

First Published 3, Apr 2018, 1:28 PM IST
Jinu Josephs respond
Highlights

സുഡാനി ഫ്രം നൈജീരിയ വിവാദം: ഇനി അഭിപ്രായം പറയില്ലെന്ന് ജിനു ജോസഫ്

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ അഭിനയിച്ചതിന് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന സാമുവലിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് നടൻ ജിനു ജോസഫ് രംഗത്ത് എത്തിയിരുന്നു. സാമുവലിനെതിരെ ജിനു ജോസഫ് നടത്തിയ പ്രതികരണം വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ആ ഫേസ്‍ബുക്ക് പോസ്റ്റ് ജിനു ജോസഫ് പിൻവലിക്കുകയും ചെയ്‍തു. ഇപ്പോഴിതാ മറ്റൊരു ഫേസ്‍ബുക്ക് പോസ്റ്റുമായി ജിനു ജോസഫ് രംഗത്ത് എത്തിയിരിക്കുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്ന പരിപാടി നിർത്തിയെന്നാണ് ജിനു ജോസഫിന്റെ ഫേസ്‍‌ബുക്ക് പോസ്റ്റ്.

കരാറൊക്കെ മറന്നേക്കൂ ഇനിയും എനിക്ക് പ്രതിഫലം വേണം എന്നാണ് സാമുവലിനെ പരിഹസിച്ച് ജിനു ജോസഫ് ആദ്യം ഫേസ്‍‌ബുക്കില്‍‌ പ്രതികരണമിട്ടത്. ഇഞ്ഞീം വേണം, ഇഞ്ഞീം വേണം...കുറഞ്ഞ പ്രതിഫലമാണ് എനിക്ക് തന്നതെന്ന് ഇപ്പോള്‍  തോന്നുന്നു. എന്റെ തൊലിയുടെ നിറം തവിട്ടായതാണ് അതിന് കാരണം. എന്റെ ആദ്യചിത്രത്തിന് എനിക്ക് പ്രതിഫലം പോലും ലഭിച്ചില്ല. അടുത്ത സിനിമകള്‍ക്ക് പതിനായിരം കിട്ടിയത് തന്നെ  വളരെ കഷ്ടപ്പെട്ടാണ്..ഇഞ്ഞീം വേണം ഇഞ്ഞീം വേണം.- എന്നായിരുന്നു ജിനു ജോസഫിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്.  ‘ഹഗ്‌സ് ആന്‍ഡ് കിസ്സെസ്’ എന്ന് സാമുവല്‍‌ മറുപടിയും നല്‍കി. എന്നാല്‍ കളിയാക്കല്‍ പോലും മനസ്സിലാകുന്നില്ലെന്നായിരുന്നു ജിനു ജോസഫിന്റെ മറുപടി. അത് വംശീയ ജല്‍പനം മാത്രമായിട്ടേ എടുത്തിട്ടുള്ളൂവെന്നും അതിനൊക്കെ മറുപടി നല്‍കിയാണ് താൻ വളര്‍ന്നതെന്നുമായിരുന്നു സാമുവല്‍ പ്രതികരിച്ചത്. എന്തായാലും വിമര്‍ശനങ്ങള്‍‌ കൂടിയതോടെ ജിനു ജോസഫ് ഫേസ്‍ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

 

 

loader