കോഴിക്കോട്: നടിയെ ആക്രമിച്ച  സംഭവത്തില്‍ പ്രതികരിച്ചതോടെ  അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന് നടന്‍ ജോയ്മാത്യു. അമ്മ സംഘടനയുടെ ഭരണഘടന പൊളിച്ചെഴുതണമെന്നും ജോയ്മാത്യു കോഴിക്കോട്  ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജി വെച്ച് പുറത്തു പോയി  സംഘടനയെ  എതിര്‍ക്കുന്നത് പഴയ രീതിയാണ്. സംഘടനക്ക് ഉള്ളില്‍  നിന്നുകൊണ്ടു  തന്നെ  പോരാടാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ  25 കൊല്ലക്കാലമായി മാറാത്ത ഭരണഘടനയാണ് അമ്മ സംഘടനക്കുള്ളത്. ഇത് മാറ്റിയെ പറ്റൂ- ജോയ്മാത്യു പറഞ്ഞു.  

ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നുപറയാറുണ്ട്. അപ്രിയസത്യങ്ങള്‍ പറയുന്നത് പലര്‍ക്കും ഇഷ്ടമാകില്ല. അതിന്‍റെ പേരില്‍ ഒന്ന് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നും ജോയ്മാത്യു പറഞ്ഞു.  അമ്മ സംഘടനയോട്  ഇടഞ്ഞ   ശേഷം അവസരങ്ങല്‍  ഇല്ലാതാക്കാനും   അടിച്ചമര്‍ത്താനും ശ്രമങ്ങല്‍ നടക്കുന്നുണ്ടെന്ന് ഇന്നലെ  രമ്യ നമ്പീശനും പറഞ്ഞിരുന്നു.