പൃഥിരാജ് പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്‌റ്റോറിക്ക് പിന്തുണയുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഒരാളെ ഇഷ്ടമല്ല, എന്നു കരുതി ഒരു സിനിമയുടെ പാട്ടിന് പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പാര്‍വതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആരംഭിച്ച സൈബര്‍ ആക്രമണമാണ് ഇപ്പോഴും തുടരുന്നത്. 

പാര്‍വതി അഭിനയിച്ചു എന്ന ഒറ്റക്കാരണത്താല്‍ മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ പാട്ടിന്റെ വീഡിയോയില്‍ ഡിസ്‌ലൈക്ക് അടിച്ചാണ് ആരാധക കൂട്ടത്തിന്റെ ആക്രമണം. പാട്ടിന്റെ കമന്റ് കോളത്തില്‍ നിറയെ പാര്‍വതിക്കെതിരായ വ്യക്തിഹത്യാപരമായ കമന്റുകളാണ് ഇവര്‍ ഇടുന്നത്. സോറി പറഞ്ഞ് തീര്‍ക്കേണ്ട പ്രശ്‌നം പാര്‍വതി വഷളാക്കിയെന്നും അഹങ്കാരം തീര്‍ത്തു തരാമെന്നും ആരാധക കൂട്ടം കമന്റില്‍ ഇടുന്നുണ്ട്. മമ്മൂട്ടി ആരാധകര്‍ക്ക് പിന്തുണയുമായി മോഹന്‍ലാല്‍ ആരാധകരും കമന്‍റ് ഇടുന്നുണ്ട്.

 നേരത്തെ കസബ വിമര്‍ശനത്തിന്റെ പേരില്‍ പാര്‍വതിയും ജൂഡും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. പാര്‍വതിയെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ചുകൊണ്ടായിരുന്നു ജൂഡിന്റെ പരിഹാസം. ഇതിന് മറുപടിയായി പാര്‍വതി ഒഎംകെവി എന്ന് ട്വീറ്റ് ചെയ്തിരുന്നു.