റിലീസ് ഒരുദിവസം മുന്‍പാക്കി യൂണിവേഴ്സല്‍ പിക്ചേഴ്സ് ജുറാസിക് വേള്‍ഡ് ഇന്ത്യയില്‍ 2300 തീയേറ്ററുകളില്‍

ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിപണി ഒരു വാസ്തവമാണ്. ജംഗിള്‍ ബുക്കും ഏറ്റവുമൊടുവില്‍ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറുമൊക്കെ ഉദാഹരണം. കളക്ഷന്‍ വര്‍ധിക്കുന്നതിനാല്‍ ഹോളിവുഡ് നിര്‍മ്മാതാക്കളും ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന വിപണിയായി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കൂടുതല്‍ റിലീസിംഗ് സെന്‍ററുകളില്‍ ചിത്രങ്ങളെത്തിച്ചും പ്രധാന ഇന്ത്യന്‍ റിലീസുകളുടെ തീയ്യതികള്‍ക്കനുസരിച്ച് തങ്ങളുടെ സിനിമകളുടെ റിലീസിംഗ് നിശ്ചയിച്ചുമൊക്കെ അവര്‍ ഇന്ത്യന്‍ ബോക്സ്ഓഫീസിലെ തങ്ങളുടെ പിടി അയയാതെ നോക്കുന്നു. രണ്ട് വമ്പന്‍ ഹോളിവുഡ് - ഇന്ത്യന്‍ സിനിമകളുടെ പോരിനാണ് വരുന്നയാഴ്ച നമ്മുടെ തീയേറ്ററുകള്‍ സാക്ഷ്യം വഹിക്കാനിരിക്കുന്നത്. രജനീകാന്തിന്‍റെ കാലയും ജുറാസിക് വേള്‍ഡ് സിരീസിലെ ഏറ്റവും പുതിയ ചിത്രം ഫാളന്‍ കിംഗ്ഡമുമാണവ.

ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയെ എത്ര ശ്രദ്ധാപൂര്‍വ്വമാണ് നോക്കുന്നത് എന്നതിന് തെളിവാണ് ജുറാസിക് വേള്‍ഡ് ഫാളന്‍ കിംഗ്ഡത്തിന്‍റെ ഇപ്പോള്‍ മാറ്റിയിരിക്കുന്ന റിലീസിംഗ് തീയ്യതി. പതിവുപോലെ ലോകത്തിന്‍റെ വിവിധ മാര്‍ക്കറ്റുകളില്‍ പല റിലീസിംഗ് തീയ്യതിയായിരുന്നു ഈ ചിത്രത്തിനും. ഇന്ത്യയിലെ 2300ലേറെ തീയേറ്ററുകളില്‍ ജൂണ്‍ 8നാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. അതായത് രജനീകാന്തിന്‍റെ കാല തീയേറ്ററുകളിലെത്തുന്നതിന്‍റെ തൊട്ടുപിറ്റേന്ന്. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ചിത്രവും രജനീകാന്തിന്‍റെ കാലയ്ക്കൊപ്പം റിലീസ് ചെയ്യുമെന്നാണ് ജുറാസിക് വേള്‍ഡ് നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ്. അതനുസരിച്ച് കാലയും ജുറാസിക് വേള്‍ഡും വരുന്ന ജൂണ്‍ 7ന് ഇന്ത്യന്‍ സ്ക്രീനില്‍ ഒരുമിച്ചെത്തും.

രണ്ടാഴ്ചയ്ക്ക് ശേഷമേ ജുറാസിക് വേള്‍ഡ് യുഎസ് ആഭ്യന്തര മാര്‍ക്കറ്റിലെത്തൂ. ജൂണ്‍ 22 നാണ് ചിത്രത്തിന്‍റെ യുഎസ് റിലീസ്. കബാലിക്ക് ശേഷം പാ.രഞ്ജിത്ത് രജനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കാലാ പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പുയര്‍ത്തിയ ചിത്രമാണ്. സാധാരണ സൂപ്പര്‍താര ചിത്രങ്ങളെപ്പോലെ ആദ്യദിനങ്ങളിലെ കളക്ഷന്‍ ഒരു രജനീകാന്ത് ചിത്രത്തെ സംബന്ധിച്ചും പ്രധാനമാണ്. കാലയ്ക്ക് ആദ്യദിനങ്ങളില്‍ ലഭിക്കാനിരിക്കുന്ന കളക്ഷനെ ജുറാസിക് വേള്‍ഡ് എത്രത്തോളം സ്വാധീനിക്കുമെന്നറിയാന്‍ കാത്തിരിക്കണം.