ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. കബാലീശ്വരനായി രജനി എത്തുന്ന കബാലി കാണാൻ കുറച്ചുകൂടി കാത്തിരിക്കണം. കബാലിയുടെ റിലീസ് ജൂലൈ ഒന്നിൽ നിന്ന് 15 ലേക്ക് മാറ്റി. ഗ്രാഫിക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിടിലന്‍ ടീസര്‍ ഇറങ്ങിയത് മുതല്‍ സ്റ്റൈല്‍ മന്നന്‍റെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മൈലാപ്പൂര്‍ മുതല്‍ മലേഷ്യ വരെ അധോലോകസാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനായി രജനിയെ കാണാന്‍. ആ കാത്തിരിപ്പ് ഇനി ജൂലൈ 15 വരെ നീളും. ഗ്രാഫിക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകാന്‍ കാരണം.
വൻ ആഘോഷമായി നടത്താൻ നിശ്ചയിച്ചിരുന്ന കബാലിയുടെ ഓഡിയോ ലോഞ്ചും ഉപേക്ഷിച്ചിട്ടുണ്ട്. എന്തിരന്‍ രണ്ടിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് വിദേശത്ത് ആയതാണ് ഓഡിയോ ലോഞ്ച് ഉപേക്ഷിക്കാന്‍ കാരണം.
വരുന്ന ഞായറാഴ്ച കബാലിയുടെ ഗാനങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്പ് തന്നെ മറ്റ് ബിസിനസുകളിലൂടെ 200 കോടി രൂപയാണ് കാബാലി നേടിയത്.
