ചാലക്കുടി: കലാഭവൻ മണിയുടെ ജന്മദിനത്തിൽ കാരുണ്യപ്രവർത്തനവുമായി മണിയുടെ ഒരുപറ്റം കൂട്ടുകാർ. ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നൽകിയാണ് കാസ്കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ആഘോഷിച്ചത്.  ചാലക്കുടി നഗരസഭയിലെ മൂന്നാം വാർഡിൽ താമസിക്കുന്ന സനുഷ എന്ന വീട്ടമ്മയ്ക്കാണ് കാസ്ക്കേഡ് ക്ലബ്ബ് വീട് വച്ച് നൽകിയത്. 

കഴിഞ്ഞ വർഷത്തെ മണിയുടെ ഓർമ്മ ദിനത്തിലാണ് വീടിന് കല്ലിട്ടത്. പണി പൂർത്തിയായ വീടിന്റെ താക്കോൽ കൃഷി മന്ത്രി വിഎസ് സുനിൽകുമാർ സനുഷയ്ക്ക് കൈമാറി. ഏഴ് ലക്ഷം രൂപ ചിലവിട്ടാണ് 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിച്ചത് . ചലച്ചിത്ര രംഗത്തെ മണിയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള ചികിത്സാ സഹായവും ചടങ്ങിൽ കൈമാറി.