മൂന്ന് ചിത്രങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
ഓണ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോയിൽ 'ഹൃദയപൂർവ്വം', ഫഹദ് ഫാസിൽ- അൽത്താഫ് സലിം ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര', ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ- നസ്ലെൻ കൂട്ടുകെട്ടിൽ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്നീ മൂന്ന് പ്രധാന ചിത്രങ്ങളാണ് ഓണത്തിനെത്തുന്നത്. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. കല്യാണി നായികയായെത്തുന്ന രണ്ട് ചിത്രങ്ങളാണ് ഓണത്തിനെത്തുന്നത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം എന്ന ലേബലിലാണ് ലോക എത്തുന്നത്.
'ലോകപൂർവ്വംഓടും' എന്ന ഹാഷ് ടാഗിലാണ് കല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും വ്യത്യസ്ത സ്‌ക്രീനുകളിൽ പരസ്പരം പിന്തുണച്ചുകൊണ്ട് എല്ലാവരുമുണ്ടെന്ന് തനിക്കറിയാമെന്നും കല്യാണി കുറിച്ചു.
അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.
കൊറിയൻ റോം- കോം എന്ന മോഡലിലാണ് ഓടും കുതിര ചാടും കുതിര എത്തുന്നത്. വെസ് ആൻഡേഴ്‌സൺ, വൂഡി അലൻ തുടങ്ങിയവരുടെ വലിയ ഫാൻ ആയ അൽത്താഫ് സലീമിന്റെ വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും ഓടും കുതിര ചാടും കുതിര എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സിനിമാ ആസ്വാദകർക്കുള്ള ഓണ സമ്മാനം ആയിരിക്കും.


