മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർഹീറോ സിനിമ എന്ന ടാഗ് ലൈനുമായാണ് ലോക എത്തുന്നത്.
മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മികച്ച ഫൈറ്റ് രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം ചെയ്തത് താൻ തന്നെയാണെന്നാണ് കല്യാണി പറയുന്നത്. അതിന്റെയെല്ലാം ബിഹൈൻഡ് ദി സീൻസ് തന്റെ കയ്യിലുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം ഓരോന്നായി പുറത്തുവിടുമെന്നും മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ കല്യാണി പറയുന്നു. "എന്റെ ബാക്ക് ഷോട്ട്സ് എടുക്കുമ്പോൾ ക്യാമറാമാൻ നിമിഷിനോട് ഞാൻ വെറുതെ തമാശയ്ക്ക് പരാതി പറയുമായിരുന്നു, അപ്പോൾ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവർ പറയുന്നത്, കല്യാണി ചെയ്യുന്ന ഷോട്ടുകളിൽ താൻ തന്നെയാണ് ചെയ്യുന്നതെന്ന് അറിയിക്കാൻ ഒരു ടൈറ്റിൽ കൊടുക്കാമെന്ന്. പക്ഷേ എന്റെ പക്കൽ ഷൂട്ടിംഗ് സമയത്ത് എടുത്ത ഒരുപാട് വീഡിയോസുണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം ഓരോന്ന് ആയി പുറത്തിറക്കും. അതാണ് എന്റെ പ്ലാൻ" കല്യാണി പറയുന്നു.
മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർഹീറോ സിനിമ എന്ന ടാഗ് ലൈനുമായാണ് ലോക എത്തുന്നത്. കല്യാണിക്കൊപ്പം നസ്ലെൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങീ മികച്ച താരനിരയും അണിനിരക്കുന്നുണ്ട്. ടോവിനോ നായകനായ തരംഗം എന്ന ചിത്രത്തിന് ശേഷം അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. നടി ശാന്തി ബാലചന്ദ്രനും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായിട്ടുണ്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് ചമൻ ചാക്കോയും സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് യുമാണ്. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കല്യാണി നായികയാവുന്ന ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിരയും ഓണത്തിന് തന്നെയാണ് എത്തുന്നത്.


