പ്രിയദര്‍ശന്‍ ലിസി ദമ്പതിമാരുടെ മകള്‍ കല്യാണി നായികയായ തെലുങ്ക് ചിത്രം 'ഹലോ' മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് കല്യാണിയുടെ നായകന്‍. ചിത്രം സൂപ്പര്‍ഹിറ്റായി മുന്നേറുമ്പോള്‍ പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 ''മലയാളത്തിലൂടെയോ തമിഴിലൂടെയോ അരങ്ങേറ്റം കുറിയ്ക്കാനാണ് താന്‍ കരുതിയത്. കാരണം എന്റെ വേരുകള്‍ അവിടെയാണ്. പക്ഷേ ഹലോ എന്നെ തേടി വന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല. ഇപ്പോള്‍ ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നു വിശ്വസിക്കുന്നു.

 എന്റെ അച്ഛന് ഉറച്ച വിശ്വാസമുണ്ട് ഒരു നല്ല സം വിധായകന് ഒരു അഭിനേതാവിന്റെ കഴിവ് പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന്. അതുകൊണ്ടു തന്നെയാണ് വിക്രം കുമാര്‍ സാറിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്യാമെന്ന് കരുതിയത്. ഞാന്‍ അഭിനയം പഠിക്കാന്‍ പോയിട്ടില്ല. പക്ഷേ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് തിയേറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് ആത്മവിശ്വാസം തോന്നുന്നുണ്ട്.

 അഖില്‍ നല്ല നടനാണ്. ചില രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം എന്നെ കരയിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പിന്തുണയാണ് തന്റെ ഏറ്റവും വലിയ പിന്‍ബലം. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാന്‍ മനക്കട്ടിയില്ലാത്ത ആളാണ്. വിമര്‍ശനങ്ങളെ വ്യക്തിപരമായി കരുതി സ്വയം സങ്കടപ്പെടും. പക്ഷേ അച്ഛനും അമ്മയ്ക്കും ഞാന്‍ സ്വയം പര്യാപ്തമാണെന്ന് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്.

 കുട്ടിക്കാലം മുതല്‍ തന്നെ അച്ഛന്‍ ക്ലാസിക് ചിത്രങ്ങള്‍ കാണിച്ച് തരുമായിരുന്നു. അന്ന് ഓരോ ഷോട്ടുകളെ കുറിച്ചും പറഞ്ഞു തരും. ഏറ്റവും അടുത്ത സുഹൃത്താണ് ലാലങ്കിള്‍. പ്രണവ് അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച് വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെ പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ അവിടെ ലാലങ്കിളിന്റെ വീട്ടില്‍ പോകും അദ്ദേഹം നല്ല കുക്കാണെന്നും' കല്യാണി പറഞ്ഞു.