സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകള്‍ കല്യാണി തന്‍റെ ആദ്യ ചിത്രം ഹലോ ഹിറ്റായതിന്‍റെ സന്തോഷത്തിലാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി വെള്ളിത്തിരയില്‍ എത്തിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയുടെ നായികയായാണ് കല്യാണിയുടെ അരങ്ങേറ്റം.

സിനിമയില്‍ അച്ഛനും അമ്മയും നല്‍കുന്ന പിന്തുണയാണ് തനിക്ക് പ്രചോദനമെന്ന് കല്യാണി പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി തുറന്ന് പറഞ്ഞത്. അച്ഛന്‍റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ കല്യാണിക്ക് ദു:ഖമുണ്ടോ എന്ന ചോദ്യത്തിനാണ് കല്യാണി പ്രതികരിച്ചത്. 

 "എനിക്കിപ്പോള്‍ വേണ്ടത് മാതാപിതാക്കളുടെ പിന്തുണയാണ്. അതെനിക്ക് ലഭിക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്നേഹമുണ്ട്, കരുതലുണ്ട്. അവരെ മാതാപിതാക്കളായി ലഭിച്ചത് ഭാഗ്യമായി കരുതുന്നു.

എന്‍റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചുകൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നില്‍ അത്രമാത്രം വിശ്വാസമുണ്ട്. അവര്‍ സിനിമയില്‍ ഇടപെടാറില്ല. അച്ഛന്‍റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാന്‍ സിനിമ കണ്ടതെന്നും" കല്യാണി പറഞ്ഞു.