ആരാധകനെ കണ്ടെത്തി കമൽ ചെന്നെ സ്വദേശി ജയരാജ്

ചെന്നൈ: ഇഷ്ടതാരത്തെ ഒരു നോക്ക് കാണാൻ വേണ്ടി എന്ത് ത്യാ​ഗത്തിനും തയ്യാറാകുന്ന ആരാധകരുണ്ട്. അവരെ നേരിട്ട് കാണാൻ കത്തയച്ചും ഫോൺവിളിച്ചും മെസ്സേജ് അയച്ചും ഒക്കെ ശ്രമിക്കും. എന്നാൽ ഉലകനായകൻ കമൽ ഹാസന്റെ കട്ട ആരാധകനായ ജയരാജിന്റെ അനുഭവം തിരിച്ചാണ്. ചെന്നൈ സ്വദേശി ജയരാജനെ തേടി കണ്ടുപിടിക്കുകയായിരുന്നു താരം. ഇതൊക്കെ സിനിമാക്കഥ പോലെ അവിശ്വസനീയമാണ്. ആരാധകരെ തൃപ്തിപ്പെടുത്താൻ സാമ്പത്തികമായി അവരെ സഹായിക്കുകയും ജോലി നൽകുകയും ചെയ്യുന്ന താരങ്ങളുണ്ട്. എന്നാൽ കമൽ ഇക്കാര്യങ്ങളിൽ നിന്നൊക്കെ ഒരുപടി കൂടി മുന്നോട്ട് പോയി. 

ഒരു ചാനൽ അഭിമുഖത്തിൽ തന്നെ നേരിൽ കാണണമെന്ന് ആ​ഗ്രഹം പറഞ്ഞ ആരാധകൻ ആരെന്നറിയാനാണ് കമൽ ഇറങ്ങിത്തിരിച്ചത്. അവസാനം ജയരാജിനെ കമൽ കണ്ടെത്തുക തന്നെ ചെയ്തു, മാത്രമല്ല, തന്റെ ഓഫീസിൽ വരുത്തി നേരിൽ സംസാരിക്കുകയും ചെയ്തു. ദീർഘകാലം പരിചയമുണ്ടായിരുന്ന പഴയ സുഹൃത്തുക്കളെപ്പോലെ കമൽ പെരുമാറിയത് ജയരാജിനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്ന തൊഴിലാണ് ജയരാജ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഒരു നല്ല രാഷ്ട്രീയക്കാരനാകാനുള്ള മുന്നോടിയാണ് ഈ പ്രവർത്തിയെന്ന് പിന്നാമ്പുറക്കഥകളുമുണ്ട്. 

ആ​ഗസ്റ്റ് 12 നാണ് കമിലന്റെ വിശ്വരൂപം റിലീസിം​ഗ് ഡേറ്റ്. തമിഴ് റിയാലിറ്റി ഷോ ആയ ബി​ഗ് ബോസ്സിൽ ആതിഥേയനാകുന്നത് കമലാണ്. കമൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ ഭാ​ഗമായിട്ടാണ് സിനിമകളുടെ എണ്ണം കുറക്കുന്നതേത്രേ. എന്നാൽ ഇക്കാര്യങ്ങളിലൊന്നും തന്നെ വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല.