ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണു ഇക്കാര്യം പറയുന്നത്. 

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ബി​ഗ് ബോസ് താരവുമായ രേണു സുധിക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ് മൂന്ന് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഷപ്പ് നോബിൾ ഫിലിപ്പുമായി ബന്ധപ്പെട്ട വിവാ​ദങ്ങളെ കുറിച്ചും രേണുവിനെതിരെയുമാണ് ആലപ്പി അഷ്റഫ് യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. സഹായിച്ചവരെ രേണു വിഷമിപ്പിച്ചുവെന്നും ബിഷപ്പ് ഗുണ്ടകളെ പേടിച്ച്, ജീവനിൽ ഭയന്ന് കഴിയുന്നുവെന്നുമൊക്കെയാണ് ആലപ്പി അഷ്റഫ് പറയുന്നത്. രേണുവിന് പിആർ വർക്ക് ചെയ്യുന്നവരും സുഹൃത്തുക്കളും ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ടെന്നും കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ആളുകൾ വന്നുവെന്നും അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് പറഞ്ഞുവെന്നുമാണ് ആലപ്പി അഷ്റഫിന്‍റെ പരാമര്‍ശം. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണു ഇക്കാര്യം പറയുന്നത്.

'ഞാൻ ആ വീഡിയോ മുഴുവനായും കണ്ടിട്ടില്ല. ഇങ്ങനെ സ്ക്രോൾ ചെയ്തപ്പോള്‍ പുള്ളി എന്നെപ്പറ്റി പറയുന്നത് കേട്ടു. ആലപ്പി അഷറഫറിന് എന്നെ വ്യക്തിപരമായി ഒന്നും അറിയില്ലല്ലോ. പിന്നെ എന്തിനാണ് അറിയാത്ത ഒരാളെ പറ്റി ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹം എന്ത് കണ്ടിട്ടാണ് ഈ പറയുന്നത്? ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ഈ ബിഷപ്പ് എന്ന് പറയുന്ന വ്യക്തി ഞങ്ങളുടെ വീടിനടുത്താണ് (അതായത് മക്കള്‍ക്ക് കൊടുത്ത സ്ഥലത്തിനടുത്ത്) താമസിക്കുന്നത്. പുള്ളിയുടെ വീടിനു ചുറ്റും 10 ക്യാമറകള്‍ എങ്കിലും വച്ചിട്ടുണ്ടാകും. കഴിഞ്ഞ ദിവസം വഴിയില്‍ ആരോ വേസ്റ്റ് ഇട്ടത് വീട്ടിലിരുന്ന അയാള്‍ ക്യാമറയില്‍ കൂടി കണ്ടു എന്നൊക്കെ പറയുന്ന കേട്ടു. പിന്നെ പുള്ളിയെ ആരെങ്കിലും കൊല്ലാൻ ചെന്നാല്‍ കണ്ടുപിടിക്കാനാണോ ബുദ്ധിമുട്ട്? ഞാൻ എന്തിനാണ് പുള്ളിയെ കൊല്ലുന്നത്? എനിക്ക് അതിന്‍റെ ആവശ്യമുണ്ടോ? പുള്ളിയെ പറ്റി ഞാൻ ചിന്തിക്കുന്നത് പോലുമില്ല. കാരണം എനിക്ക് പുള്ളി ഒന്നും തന്നിട്ടില്ല. എന്‍റെ ഒന്നും തിരിച്ചെടുക്കുന്നുമില്ല. പിന്നെ ഞാൻ എന്തിനാണ് അയാളെ ശത്രുവായിട്ട് കൊല്ലാൻ പോകുന്നത്?

ബിഷപ്പിനെ കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ആളുകൾ വന്നുവെന്നൊക്കെ ആലപ്പി അഷ്റഫ് വീഡിയോയില്‍ പറയുന്ന കേട്ടു. അയാള്‍ക്ക് പല ശത്രുക്കളും കാണുമായിരിക്കും. അതില്‍ ആരെങ്കിലും വന്നാല്‍, അത് എങ്ങനെയാണ് എന്‍റെ തലയില്‍ ആകുന്നത്? എനിക്ക് ഇപ്പോള്‍ പേടി എന്നെ ആരെങ്കിലും കൊല്ലുമോയെന്നാണ്. കാരണം ബിഷപ്പിന് ഒരുപാട് ഗുണ്ടകളുമായിട്ട് ബന്ധമുണ്ടെന്നാണ് ഞാനറിഞ്ഞിട്ടുള്ളത്. അവരെ വിട്ട് എന്നെയും എന്‍റെ കുടുംബത്തെയും ഇല്ലാതാക്കുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. ഞാൻ വളർന്നു വരുന്നതുകൊണ്ടാണ് ഇവർക്കൊക്കെ എന്നോട് ഇത്ര ശത്രുത. അതുകൊണ്ട് എന്‍റെ ജീവനാണ് ഭീഷണിയുള്ളത്'- രേണു സുധി പറയുന്നു.