തിരുവനന്തപുരം: തനിക്ക് അഭിനന്ദന സന്ദേശം അയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച്  പ്രശസ്ത നടന്‍ കമല്‍ ഹാസന്‍.

ഫ്രെഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്ക്കാരം നേടിയ കമല്‍ ഹാസനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ബഹുമുഖ പ്രതിഭയിലൂടെ ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നെറുകയില്‍ എത്തിച്ചതിനാലാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ ലീജീയന്‍ ഓഫ് ഹോണര്‍ അവാര്‍ഡ് ലഭിച്ചതെന്നും ഇന്ത്യന്‍ സിനിമയുടെ അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേക്ക് ഉയര്‍ത്തിയെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ഈ കത്തിനുള്ള മറുപടിയായിട്ടാണ് കമലിന്‍റെ പുതിയ പരാമര്‍ശം. മറ്റൊരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിലുള്ള കൗതുകം ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പിണറായി എന്‍റെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് കമല്‍ തിരുത്തി. താന്‍ ഏത് സംസ്ഥാനക്കാരനാണെന്ന് മലയാളികളോട് ചോദിച്ചു നോക്കൂ എന്നായിരുന്നു കമലിന്‍റെ കൗതുകം നിറഞ്ഞ മറുപടി.