അതേസമയം ലോകേഷ് കനകരാജ് ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയുണ്ടായിരുന്നു.
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട താരങ്ങളാണ് രജനികാന്തും കമൽഹാസനും. മികച്ച വാണിജ്യ സിനിമകളോടൊപ്പം തന്നെ കലാമൂല്യമുള്ള സിനിമകളും ഇരുവരും ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമൽഹാസൻ. ഇന്നലെ നടന്ന സൈമ അവാർഡ്സിനിടെയായിരുന്നു അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് കമൽ ചിത്രത്തെ കുറിച്ച്പറഞ്ഞത്.

"ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ഒരു ബിസ്കറ്റ് രണ്ടാക്കി പങ്കുവെച്ച് കഴിച്ചിരുന്നവരാണ്. ഓരോരുത്തർക്കും വേറെ വേറെ ബിസ്കറ്റ് വേണമെന്നായപ്പോൾ അങ്ങനെ വാങ്ങിക്കഴിച്ചു. ഇപ്പോൾ വീണ്ടും ഒരു ബിസ്കറ്റ് പകുത്ത് കഴിക്കാൻ പോകുന്നുവെന്ന സന്തോഷമുണ്ട്. ഞങ്ങൾ വീണ്ടും ഒരുമിക്കാൻപോകുന്നു. ഞങ്ങൾക്കുള്ളിലെ മത്സരമെന്നത് പ്രേക്ഷകരുണ്ടാക്കിയതാണ്. ഞങ്ങൾക്കത് മത്സരമേയായിരുന്നില്ല, ഞങ്ങൾ ഒരുമിക്കുന്നു എന്നത് ബിസിനസ് തലത്തിൽ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾക്കത് ഇപ്പോഴെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടല്ലോ എന്ന രീതിയിലാണ്. അങ്ങനെ നടക്കട്ടെ. പരസ്പരം ഒരാൾ മറ്റൊരാളുടെ ചിത്രം നിർമിക്കണം എന്നത് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോൾവേണ്ട എന്നുപറഞ്ഞ് ഞങ്ങൾ തന്നെ അക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞാൻ പുതിയ ഓഫീസ് നിർമിച്ചപ്പോൾ എപ്പോൾ സിനിമ ചെയ്യും എന്ന് ചോദിച്ചയാളാണ് രജനി. ഞങ്ങളിൽ പ്രതീക്ഷവെച്ചതിന് നന്ദി. ഇനി ആ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്." കമൽഹാസൻ പറഞ്ഞു.
46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നതെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. അതേസമയം ലോകേഷ് കനകരാജ് ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയുണ്ടായിരുന്നു. ലോകേഷ് തന്നെയാണോ ഈ ചിത്രത്തിന്റെയും സംവിധായകനെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

