ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി 'സർവ്വം മായ'. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം 56 കോടിയിലധികം നേടി.
മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിൽ കലിപ്പ് മോഡിലെത്തി പിന്നീട് തട്ടത്തിൻ മറയത്തിലൂടെ പ്രണയ നായകനായി തിളങ്ങിയ നിവിന് സമീപകാലത്ത് മികച്ച പ്രോജക്ടുകളൊന്നും തന്നെ വന്നില്ല. റിലീസ് ചെയ്ത പല സിനിമകളും തിയറ്ററിൽ വിജയം കാണാതെ മടങ്ങി. പിന്നീട് നിവിന്റെ വലിയൊരു കം ബാക്കിനായി ഏവരും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ സർവ്വം മായ എന്ന ചിത്രത്തിലൂടെ അതും സാധ്യമായി. ബോക്സ് ഓഫീസിൽ നിവിന്റെ വലിയ തിരിച്ചുവരവിനാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ആഗോളതലത്തിൽ സർവ്വം മായ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
റിലീസ് ചെയ്ത് ഇതുവരെ 118 കോടിയാണ് സർവ്വം മായ നേടിയിരിക്കുന്നത്. പതിനാല് ദിവസത്തെ ആഗോള കളക്ഷനാണിത്. പതിനഞ്ചാം ദിവസമായ ഇന്ന് ചിത്രം 120 കോടി ചിത്രം നേടുമെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. പതിനാല് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ 56.15 കോടിയാണ്. ഇന്ത്യ ഗ്രോസ് 66.25 കോടിയും ഓവർസീസ് 51.75 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 56.8 കോടിയാണ് സർവ്വം മായ നേടിയതെന്നും സാക്നിൽക്ക് റിപ്പോർട്ട്.
കേരളം കഴിഞ്ഞാൽ സർവ്വം മായയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് കർണാടകയിൽ നിന്നാണ്. 4.54 കോടിയാണ് ഇവിടെ നിന്നും ചിത്രം കളക്ട് ചെയ്തത്. ആന്ധ്ര-തെലങ്കാന പ്രദേശങ്ങളിൽ നിന്നും 57 ലക്ഷവും തമിഴ് നാട്ടിൽ നിന്നും 2.25 കോടിയും സർവ്വം മായ കളക്ട് ചെയ്തിട്ടുണ്ട്. നിലവിൽ മറ്റ് പടങ്ങളൊന്നും തന്നെ തിയറ്ററുകളിൽ ഇല്ല. അതുകൊണ്ട് തന്നെ 120 കോടിയിൽ നിന്നും ഇനിയും ബഹുദൂരം സർവ്വം മായ മുന്നോട്ട് പോകുമെന്നും ട്രാക്കർന്മാർ വിലയിരുത്തുന്നുണ്ട്.
അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. അജു വർഗീസും നിവിൻ പോളിയും ഒന്നിച്ച പത്താം സിനിമ കൂടിയായിരുന്നു ഇത്. ഹൊറർ- കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.



