ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ഇന്ന് താരത്തിളക്കമായിരുന്നു


ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ഇന്ന് താരത്തിളക്കമായിരുന്നു. വിശ്വരൂപം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ എത്തിയ കമല്‍ഹാസൻ ആയിരുന്നു എപ്പിസോഡിന്റെ ആകര്‍ഷണം. മോഹൻലാലുമൊത്ത് വിശേഷങ്ങള്‍ പങ്കുവച്ച കമല്‍ഹാസൻ പിന്നീട് മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ് ഹൌസിനുള്ളിലേക്കും എത്തി.

കമല്‍ഹാസന് ഗംഭീര സ്വീകരണമായിരുന്നു മത്സരാര്‍ഥികള്‍ നല്‍കിയത്. കമല്‍ഹാസന്റെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു നേരത്തെ ടാസ്ക് ഉണ്ടായിരുന്നത്. കമല്‍ഹാസന്റെ മുന്നില്‍ വെച്ച് തന്നെയായിരുന്നു അവരുടെ അവതരണവും. ദശാവതരത്തിലെ ഒരു കഥാപാത്രമായി അനൂപും വേട്ടയാട് വിളയാടിലെ കഥാപാത്രമായി പേളിയും എത്തി. മാടാ പ്രാവേ എന്ന പാട്ടുപാടിയായിരുന്നു സുരേഷ് കയ്യടി നേടിയത്. സുരേഷും കമല്‍ഹാസനും ഒന്നിച്ച് തമിഴ് പാട്ട് ആലപിക്കുകയും ചെയ്‍തു. മൂണ്ട്രം പിറൈയിലെ കഥാപാത്രമായി രഞ്ജിനിയും ഗുണയിലെ കഥാപാത്രമായി അതിഥിയും എത്തി. വീരപാണ്ഡിയിലെ കഥാപാത്രമായി ശ്രീനിഷും ഔവ്വയ് ഷണ്‍മുഖിയിലെ കഥാപാത്രമായി സാബുവും വിശ്വരൂപത്തിലെ കഥാപാത്രമായി ഷിയാസും നായകനിലെ കഥാപാത്രമായി ബഷീറും രംഗത്ത് എത്തി. എല്ലാവരുടെയും പ്രകടനത്തെ പ്രശംസിച്ചായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ബിഗ് ബോസ് വെറുമൊരു റിയാലിറ്റി ഷോ അല്ലെന്നും ഒരു സോഷ്യല്‍ മിറര്‍ ആണെന്നുമായിരുന്നു കമല്‍ഹാസന്റെ അഭിപ്രായം.

വിശ്വരൂപം സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ കമല്‍ഹാസനൊപ്പം എത്തിയിരുന്നു.