ധര്‍മ്മജന്‍ ബോല്‍ഗാട്ടി നിര്‍മ്മിക്കുന്ന 'നിത്യഹരിത നായകന്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോസോങ് എത്തി. 'കനകമുല്ല' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. വിനീത് ശ്രീനിവാസനാണ് പാട്ട് പുറത്തിറക്കിയത്. 

എ ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ധര്‍മ്മജനും എത്തും. നര്‍മ്മത്തിന് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് നാല് പുതുമുഖ നായികമാരാണ് ചിത്രത്തില്‍. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. 

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോല്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ജയഗോപാല്‍ ആണ്. പവി കെ പവന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചമയം ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, കലാസംവിധാനം അര്‍ക്കന്‍, എസ് കര്‍മ്മ, ശബ്ദമിശ്രണം എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട്എഫക്ട് ബിജു ബേസില്‍, പരസ്യകല അമല്‍ രാജു, ടൈം ആഡ്സ് റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.