മുംബൈ: സിനിമയില്‍ വന്ന കാലം മുതല്‍ നേരിട്ട പീഡനങ്ങള്‍ക്കും അവഗണനകള്‍ക്കും കങ്കണ മറുപടി കൊടുക്കുകയാണ് കങ്കണ. എന്നാല്‍ പല ഇന്റര്‍വ്യുകളിലും തന്‍റെ പതിനാറാം വയസ്സില്‍ സിനിമയുടെ തുടക്ക കാലത്ത് ഒരു താരം ലൈംഗികമായി പീഡിപ്പിച്ച കാര്യം കങ്കണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതാരാണെന്ന് കങ്കണ വെളിപ്പെടുത്തിയിരിക്കുകയാണ്. 

'പതിനാറാം വയസ്സില്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കിയത് നടന്‍ ആദിത്യ പഞ്ചോളിയാണ്' ടെലിവിഷന്‍ ഷോയിലായിരുന്നു വെളിപ്പെടുത്തല്‍. പതിനാറാം വയസ്സില്‍ തന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരു താരം പീഡിപ്പിച്ചെന്ന് കങ്കണ പല തവണ പറഞ്ഞിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതയായ നടി സറീന വഹാബിന്റെ ഭര്‍ത്താവാണ് ആദിത്യ പഞ്ചോളി. 

എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദ്ധിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാനയാളെ ചെരുപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായ പൂര്‍ത്തിപോലുമായിട്ടില്ല. സംഭവത്തിന് ശേഷം ഞാനയാളുടെ ഭാര്യ സെറീനയെ കണ്ടു. 

എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണ് ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇത് പറയാനാവില്ലയെന്ന് സെറീനയോട് പറഞ്ഞു. പക്ഷേ അവരുടെ മറുപടി ഞെട്ടിച്ചു. അയാള്‍ ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് ആശ്വാസമെന്നായിരുന്നു സെറീന പറഞ്ഞത്. അതൊരു വല്ലാത്ത ഞെട്ടലായിരുന്നു. 

ഇനി എന്നെ ആര് രക്ഷിക്കുമെന്നതായിരുന്നു ആശങ്ക. നാളുകള്‍ക്ക് ശേഷം പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യമുണ്ടായി. അയാളെ വിളിച്ചു വരുത്തി ശാസിച്ചു വിടുകയാണുണ്ടായത്. പല തവണ പ്രായപൂര്‍ത്തിയാകും മുന്‍പുള്ള പീഡനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കങ്കണ പ്രായം വെളിപ്പെടുത്തുന്നതാദ്യമായാണ്.