അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞു. 

മുംബൈ: സിനിമാ സെറ്റുകളില്‍ വെച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും നടി കങ്കണ റണാവത്ത്. നിരവധി ഗുരുതര ആരോപണങ്ങളാണ് കങ്കണ ബോളിവുഡ് സിനിമാ മേഖലക്ക് നേരെ ഉന്നയിക്കുന്നത്. മനപ്പൂര്‍വ്വം സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറുകളോളം ഇരുത്തിയതായും സിനിമാ സംബന്ധിയായ പരിപാടികള്‍ക്കും ട്രെയിലര്‍ ലോഞ്ചുകള്‍ക്കും ക്ഷണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. തന്നെ അറിയിക്കുക പോലും ചെയ്യാതെ തന്‍റെ കഥാപാത്രങ്ങള്‍ക്ക് മറ്റാളുകളെ വച്ച് ഡബ്ബിംഗ് നടത്തുക വരെ ചെയ്തതായും കങ്കണ ആരോപിക്കുന്നു.

മീ ടൂ മൂവ്‍മെന്‍റിന് പിന്നാലെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ക്ക് ഭയമുണ്ടെന്നും ഇത് അങ്ങനെയൊന്നും അവസാനിക്കില്ലെന്നും കങ്കണ പറഞ്ഞു. അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങ് സെറ്റുകളില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അല്ലാതെ പ്രശ്നങ്ങള്‍ വ്യക്തിപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കങ്കണ പറഞ്ഞു.