ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ശല്യം ചെയ്തയാള്‍ക്കെതിരെ പരാതിയുമായി കന്നഡ ചലച്ചിത്ര നടി. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് സ്ത്രീയുടെ പേരിലുളള അക്കൗണ്ടില്‍ നിന്നാണ് നടി സംഗീത ഭട്ടിന് നിരന്തരം സന്ദേശങ്ങള്‍ വന്നത്. പരാതിയില്‍ ബെംഗളൂരു പൊലീസ് കേസെടുത്തു.

കന്നഡ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായിക സംഗീത ഭട്ടാണ് ഇത്തവണ സൈബര്‍ ഇടത്തിലെ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവറായ സ്ത്രീയുടെ പേരിലുളള അക്കൗണ്ടില്‍ നിന്നാണ് സംഗീതയ്ക്ക് സന്ദേശങ്ങള്‍ നിരന്തം വന്നത്. നടിമാര്‍ വേശ്യകളാണെന്നും അതുകൊണ്ട് നഗ്‌നചിത്രങ്ങള്‍ അയക്കൂ എന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായി സന്ദേശങ്ങള്‍ എത്തിയെന്ന് സംഗീത പരാതിയില്‍ പറയുന്നു. ബിക്കിനി ചിത്രങ്ങളും ആവശ്യപ്പെട്ടു. 

പിന്നീട് ഫേസ്ബുക്കിലും ഇതേ സന്ദേശങ്ങള്‍ എത്തിയെന്നാണ് നടി പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് സന്ദേശങ്ങള്‍ അയച്ചതെന്നാണ് നിഗമനം. തങ്ങളും മനുഷ്യരാണെന്നും മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നുവെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. 

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കന്നഡ സിനിമാ താരം സൈബര്‍ പൊലീസിനെ പരാതിയുമായി സമീപിക്കുന്നത്. നേരത്തെ നടി ശ്രുതി ഹരിഹരന്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫിങ് നടത്തി ദുരുപയോഗം നടത്തിയതായി പരാതിപ്പെട്ടിരുന്നു.നടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.