ബോളിവുഡിലെ സൈസ് സീറോ ഗേള്‍. ഫിറ്റ്നെസിനെപറ്റിയും ലുക്കിനെപറ്റിയും ഏറ്റവും ശ്രദ്ധാലുവായ നടി. കരീന കപൂര്‍ ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അഭ്യൂഹം തുടങ്ങി. നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റുകള്‍ മുടങ്ങുമോ? പുതിയവ വേണ്ടെന്നുവയ്‌ക്കുമോ. പതിവ് സംശയങ്ങള്‍. വീരേ ഡീ വെ‍ഡ്‍ഡിംഗ് എന്ന പുതിയ ചിത്രത്തില്‍നിന്ന് പിന്മാറുന്നുവെന്ന് വരെ വാര്‍ത്തകള്‍ പരന്നു. അപ്പോഴാണ് ശക്തമായ നിലപാടുമായി കരീന രംഗത്തെത്തിയിരിക്കുന്നത്.

ഗര്‍ഭകാലവും പ്രസവവും ഒക്കെ സാധാരണമാണെന്നും അഭിനയിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും നടി പറയുന്നു. സംവിധായകര്‍ നല്ല കഥാപാത്രങ്ങളുമായി സമീപിക്കുകയാണ് വേണ്ടതെന്നാണ് കരീനയുടെ അഭിപ്രായം. അഞ്ച് മാസം ഗര്‍ഭിണിയായ കരീനയുടെ അടുത്ത പ്രോജക്റ്റ് റിയ കപൂറും ഏക്ത കപൂറും നിര്‍മ്മിച്ച് ശശാങ്ക ഖോഷ് സംവിധാനം ചെയ്യുന്ന വീരേ ഡി വെഡ്ഡിംഗ് ആണ്. കരീനയുടെ കഥാപാത്രം ചിത്രത്തില്‍ ഗര്‍ഭിണിയാണ്. കരീന ഗര്‍ഭിണിയായത് അറിഞ്ഞ് തിരക്കഥ തിരുത്തി എഴുതിയതല്ലെന്ന് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സോനം കപൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ വരെ അഭിനയിച്ച ശേഷം കരീന ചെറിയ ഇടവേള എടുക്കും. പ്രസവ ശേഷം ഡിസംബറില്‍ വീണ്ടും സെറ്റിലെത്തുമെന്ന് കരീന വ്യക്തമാക്കി. ഗോല്‍മാല്‍ നാല് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കരീന കപൂറിനെയാണ് താന്‍ കണ്ടുവച്ചിരുന്നതെന്നും നടി ഗര്‍ഭിണി ആയതിനാല്‍ വിളിക്കാന്‍ മടിയായിരുന്നുവെന്ന് സംവിധായകന്‍ രോഹിത് ഷെട്ടി പറഞ്ഞിരുന്നു. എന്നാല്‍ രോഹിത് ഷെട്ടി തന്നെ സമീപിക്കാന്‍ മടിക്കേണ്ട ഒരു കാര്യവും ഇല്ലെന്നും തനിക്ക് പറ്റിയ റോള്‍ ഉണ്ടെങ്കില്‍ സംവിധായകര്‍ക്ക് എപ്പോള്‍ വേമെങ്കിലും വിളിക്കാമെന്നും കരീന പറയുന്നു. കരീനയുടെ വാക്കുകള്‍ രാജ്യത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.